എഡബ്ല്യുഎച്ച്‌ഒ വിട്ടുനിന്നു
ചന്ദർകുഞ്ജ് ഏറ്റെടുക്കൽ മുടങ്ങി

കൊച്ചി
നിർമാണപ്പിഴവുമൂലം തകർന്ന വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ജ് ഇരട്ടടവർ പൊളിച്ചുനീക്കലും പുനർനിർമാണവും വൈകിക്കാൻ നീക്കം.
ടവറുകൾ പുനർനിർമിക്കാൻ ചുമതലയുള്ള ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന്റെ (എഡബ്ല്യുഎച്ച്‌ഒ) നീക്കങ്ങളാണ് തടസ്സമാകുന്നത്. ടവറുകളിലെ അപ്പാർട്ട്‌മെന്റ് ഉടമകളിൽനിന്ന് തിങ്കളാഴ്‌ച താക്കോൽ ഏറ്റുവാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും എഡബ്ല്യുഎച്ച്‌ഒ അധികൃതർ ഹാജരാകാത്തതിനാൽ മുടങ്ങി.
താക്കോൽ കൈമാറാൻ ഇരുപതോളം ഉടമകളും ഫോർട്ട്‌കൊച്ചി സബ് കലക്ടർ, കണയന്നൂർ താലൂക്ക് തഹസിൽദാർ എന്നിവരും സ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങി.
എഡബ്ല്യുഎച്ച്‌ഒ അധികൃതർകൂടി പങ്കെടുത്ത്, കലക്ടർ അധ്യക്ഷയായി ചേർന്ന സമിതിയാണ് തിങ്കളാഴ്‌ച താക്കോൽ ഏറ്റുവാങ്ങൽ ആരംഭിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ അവർ തടസ്സവാദങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. എന്നാൽ, മുൻകൂട്ടി അറിയിക്കാതെയാണ് വിട്ടുനിന്നതെന്ന് തഹസിൽദാർ പ്രീത എൻ ജോസ് പറഞ്ഞു. രേഖാമൂലം മേലധികാരികളുടെ അനുമതി ലഭിച്ചശേഷമേ താക്കോൽ ഏറ്റുവാങ്ങാൻ എത്തൂവെന്നാണ് പിന്നീട് എഡബ്ല്യുഎച്ച്‌ഒ അറിയിച്ചതെന്നും തഹസിൽദാർ പറഞ്ഞു.
തഹസിൽദാറുടെ സാന്നിധ്യത്തിൽ താക്കോൽ കൈമാറണമെന്നാണ് കലക്ടറുടെ സമിതി തീരുമാനിച്ചത്. ആദ്യദിവസമായതിനാൽ ഫോർട്ട്‌കൊച്ചി സബ് കലക്ടർ ഗ്രന്ധെ സായ്‌കൃഷ്‌ണയും എത്തിയിരുന്നു. താക്കോൽകൈമാറ്റം മുടങ്ങിയ സാഹചര്യത്തിൽ തുടർനടപടികൾ കലക്ടർ അധ്യക്ഷയായ സമിതി യോഗംചേർന്ന് തീരുമാനിക്കും.
നിർമാണപ്പിഴവുമൂലം തകർന്ന ഇരട്ടടവർ ഹൈക്കോടതി ഉത്തരവുപ്രകാരമാണ് പുനർനിർമിക്കുന്നത്. അതിന് ചുമതലയുള്ള എഡബ്ല്യുഎച്ച്‌ഒ തുടക്കംമുതൽ തടസ്സവാദങ്ങളുന്നയിച്ചുവരികയാണ്. അപ്പാർട്ട്‌മെന്റ് ഒഴിഞ്ഞവർക്ക് വാടകയ്‌ക്ക് താമസിക്കാൻ പണം അനുവദിക്കുന്നതിലും ടവറുകൾ പൊളിക്കാൻ തെരഞ്ഞെടുത്ത കന്പനിയുമായി കരാറിലെത്തുന്നതിലും ഇൗ അനാസ്ഥ പ്രകടമായി.
ആകെയുള്ള 208 ഉടമകളിൽനിന്ന് ഒരാഴ്‌ചയ്‌ക്കകം താക്കോൽ ഏറ്റുവാങ്ങാനാണ് തീരുമാനിച്ചിരുന്നത്. എഡബ്ല്യുഎച്ച്‌ഒ ഇപ്പോൾ പറയുന്ന നടപടികൾ പൂർത്തിയാകാൻ ഇനിയും ആഴ്‌ചകളെടുക്കും. താക്കോൽ ഏറ്റുവാങ്ങി കൈമാറിയാൽമാത്രമേ കരാറെടുത്ത കന്പനിക്ക് പൊളിക്കൽജോലികൾ തുടങ്ങാനാകൂ. ഇതെല്ലാം പൂർത്തിയാക്കി നാലുമാസത്തിനകം പൊളിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, നടപടികൾ വൈകിയാൽ പൊളിക്കലും പുനർനിർമണവും വീണ്ടും നീളും. വിമുക്തഭടന്മാരും സൈനികരുടെ വിധവകളും ഉൾപ്പെടെയുള്ള അപ്പാർട്ട്‌മെന്റ് ഉടമകൾ അനിശ്ചിതകാലം വാടകവീടുകളിൽ തുടരേണ്ടിയും വരും.









0 comments