അറബിക്കടലോരത്ത് തിമിംഗിലങ്ങൾ കൂട്ടത്തോടെ ചത്തടിയുന്നു

കൊച്ചി
അറബിക്കടലോരത്ത് തിമിംഗിലങ്ങൾ ചത്തടിയുന്നത് ഒരുദശകത്തിനുള്ളിൽ പത്തുമടങ്ങ് വർധിച്ചെന്ന് കണ്ടെത്തൽ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 2004-–13 കാലയളവിൽ വർഷം 0.3 ശതമാനമായിരുന്നു തിമിംഗിലങ്ങളുടെ നാശമെങ്കിൽ 2013–23 കാലയളവിൽ മൂന്നുശതമാനമായി വർധിച്ചെന്ന് കണ്ടെത്തി.
കേരളം, കർണാടകം, ഗോവ തീരങ്ങളിലാണ് തിമിംഗിലങ്ങൾ ഏറ്റവും കൂടുതൽ ചത്തടിയുന്നത്. ഉയർന്ന അളവിലുള്ള കപ്പൽഗതാഗതം, മീൻപിടിത്തം, പാരിസ്ഥിതിക ഘടകങ്ങൾ, ആഴം കുറഞ്ഞ തീരക്കടൽ എന്നിവ ഇതിന് ആക്കംകൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പലപകടങ്ങൾ, ആവാസകേന്ദ്രങ്ങളുടെ തകർച്ച എന്നിവ തിമിംഗിലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്. ബ്രൈഡ്സ് തിമിംഗിലമാണ് കൂടുതലായി ചത്തടിയുന്നത്. 2023ൽ നടത്തിയ സർവേയിൽമാത്രം ഒമ്പതു തിമിംഗിലങ്ങൾ ചത്തു.
കാലവർഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലുകളിലെ ഉയർന്ന ഉൽപ്പാദനക്ഷമത ചെറുമീനുകളുടെ വർധനയ്‌ക്ക് സഹായകമാകും. ഇതിനെ ലക്ഷ്യംവച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗിലങ്ങൾ പലപ്പോഴും കരയോട് ചേർന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങുകയോ കരയ്‌ക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടൽ കാരണം ദിശയറിയാനുള്ള ശേഷിയും നഷ്ടപ്പെടും. ഇതാണ് മൺസൂൺ സമയത്ത് തിമിംഗിലങ്ങൾ ചത്ത് തീരത്തടിയുന്നത് കൂടാൻ കാരണം. സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗിലങ്ങൾക്ക് വിനയാകുന്നു.
ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രോജക്ടിനു കീഴിൽ സീനിയർ സയന്റിസ്റ്റ് ഡോ. ആർ രതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.










0 comments