ഒരു മുദ്രാവാക്യംപോലും വിളിക്കാതെ സതീശൻ; ജന്മദിനാഘോഷത്തിന് വന്ന് പെട്ടുപോയതോ? ചർച്ച

കോൺഗ്രസ് പ്രതിഷേധസമരത്തിൽ വി ഡി സതീശൻ
തിരുവനന്തപുരം: നീറ്റ് ക്രമക്കേടിൽ ഒരുമാസത്തോളമായി രാജ്യതലസ്ഥാനത്ത് തുടരുന്ന സമരത്തെ തിരിഞ്ഞുനോക്കാതിരുന്ന കോൺഗ്രസ് മുഖംരക്ഷിക്കാൻ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വി ഡി സതീശനും പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു. സമരം നടക്കുകയും വിദ്യാർഥികൾക്ക് മർദനമേൽക്കുകയും ചെയ്ത ജന്തർമന്തറിലേക്ക് പേരിനൊരു പ്രതിഷേധപരിപാടിയാണ് കോൺഗ്രസ് സംഘടിപ്പിച്ചതെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്.
ഇപ്പോൾ, സമരത്തിലെ സതീശന്റെ സാന്നിധ്യം സോഷ്യൽമീഡിയയിൽ ചർച്ചയാണ്. പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളിക്കുകയും പൊലീസിനോട് കയർക്കുകയും ഒക്കെ ചെയ്യുമ്പോൾ ഇതിലൊന്നുംപെടാത്ത മട്ടിൽ മാറിനിൽക്കുകയായിരുന്നു സതീശൻ. പ്രതിഷേധത്തിൽ കുറച്ചേറെ സമയമിരുന്നിട്ടും ഒരു മുദ്രാവാക്യംപോലും സതീശൻ വിളിച്ചതുമില്ല.
പ്രതിഷേധസമരം സംഘടിപ്പിക്കുന്നുണ്ടെന്ന് സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ രാഹുൽഗാന്ധി നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ഖാർഗെ, പ്രിയങ്ക, വേണുഗോപാൽ എന്നിവർക്ക് മാത്രമാണ് രാഹുലിനെക്കൂടാതെ ഇക്കാര്യമറിയാമായിരുന്നത്. ഖാർഗെയുടെ 84-ാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച. ഉച്ചയോടെ ഖാർഗെയുടെ വസതിയിലേക്ക് എത്താനായിരുന്നു എംപിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് രാഹുൽഗാന്ധി നൽകിയ നിർദേശം. ജന്മദിനാഘോഷ വിരുന്നിനായി ക്ഷണിച്ചതാണെന്നായിരുന്നു നേതാക്കളുടെ ധാരണ. എന്നാൽ പിന്നീടാണ് പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞത്.
ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽനിന്ന് 500 മീറ്ററോളം മാത്രം ദൂരമേയുള്ളൂ ലോക്‌കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതി. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിൽനിന്ന് അടക്കമുള്ള എംപിമാരും സമരത്തിൽ പങ്കെടുത്തു. പ്രവർത്തകർ സമരത്തിനുണ്ടായില്ല. ഗതാഗതം സ്‌തംഭിച്ചതോടെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും രാഹുലുമായി ചർച്ച നടത്തി. നീറ്റിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും പ്രധാൻ രാജിവയ്‌ക്കണമെന്ന ആവശ്യത്തില്‍ ചർച്ച വഴിമുട്ടി. അതോടെയാണ് പൊലീസ് ബലപ്രയോഗമുണ്ടായത്. ഖാർഗെയും സതീശനും മറ്റും പൊലീസ് നടപടിക്കുമുൻപ് സ്ഥലംവിട്ടു. എസ്‌പി പ്രസിഡന്റ് അഖിലേഷ് യാദവും എൻസിപി എംപി സുപ്രിയ സുലെയും പ്രതിഷേധത്തിൽ പങ്കെടുത്തു.
ബലമായി നീക്കുന്നതിനിടെ രാഹുലിന് മുഖത്ത് പരിക്കേറ്റു. പൊലീസ് വലിച്ചിഴച്ചാണ് വാനിലേക്ക് കയറ്റിയത്. പ്രിയങ്കാ ഗാന്ധിയെയും ബലമായി നീക്കി. രാത്രി വെെകി കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ മുന്നേറ്റത്തെ ഒരു മാസത്തോളം അധിക്ഷേപിക്കുകയായിരുന്നു കോൺഗ്രസ്. ജൂൺ ആദ്യവാരം കോക്ക്റോച്ച് ജനതാ പാർടി സമരം പ്രഖ്യാപിച്ചതുമുതൽ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. അഭിജീത് ദീപ്‌കെ അടക്കമുള്ള സമരനേതാക്കളെ "സർക്കാർ ഏജന്റുമാർ' എന്നാക്ഷേപിച്ചു. എന്നാൽ സമരവേദിക്കുമുന്നിൽ ജനസമുദ്രം രൂപപ്പെട്ടതോടെയാണ് രാഷ്‌ട്രീയ ജീർണത മറയ്‌ക്കാൻ കോൺഗ്രസ് നേതൃത്വം സമരത്തിനിറങ്ങിയത്.










0 comments