ad
Deshabhimani

മോദി സർക്കാരിന്റെ നരനായാട്ട്: 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക്, രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി എസ്എഫ്ഐ

sfi press meet

ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പ്രഖ്യാപിക്കുന്നു. പ്രസിഡൻ്റ് ആദർശ് എം സജി, ജോയിൻ സെക്രട്ടറി ഒയ്ഷി ഘോഷ് എന്നിവർ സമീപം, Photo: പി വി സുജിത്

വെബ് ഡെസ്ക്

Published on Jul 22, 2026, 03:26 PM | 2 min read

ന്യൂഡൽഹി: വിദ്യാർഥികൾക്ക് നേരെയുള്ള മോദി സർക്കാരിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് അഖിലേന്ത്യ തലത്തിൽ ജൂലൈ 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. നീറ്റ് (NEET) പരീക്ഷാ ചോർച്ചയും വിദ്യാഭ്യാസമേഖലയിലെ മറ്റ് വീഴ്ചകളെയും ചൂണ്ടിക്കാണിച്ച് രാജ്യത്തെ വിദ്യാർഥി-യുവജന സംഘടനകൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെ ഡൽഹി പൊലീസും കേന്ദ്ര സേനകളും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രസിഡൻ്റ് ആദർശ് എം സജി, ജോയിൻ സെക്രട്ടറി ഒയ്ഷി ഘോഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


പ്രക്ഷോഭത്തിൽ സ്ത്രീകളെ പോലും വലിച്ചിഴയ്ക്കുകയും ലാത്തിച്ചാർജ്, കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവയ്ക്ക് പുറമെ പെല്ലറ്റ് ഗണ്ണുകൾ, ഇരുമ്പ് മുള്ളുകളുള്ള വടികൾ (dandas), ഇലക്ട്രിക് ഷോക്ക് എന്നിവ പോലും പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് പ്രയോ​ഗിച്ചത് രാജ്യം കണ്ടതാണ്. മനുഷ്യാവകാശ ലംഘനമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. മോഡി പൊലീസിന്റെ ഈ ക്രൂരതയിൽ എസ്എഫ്ഐ അപലപിച്ചു.


തുടർച്ചയായ നിരാഹാര സമരങ്ങൾ നടത്തിയിട്ടും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തതിലൂടെയും, രാജ്യത്തെ സാധാരണ ജനങ്ങൾക്കെതിരെ ക്രൂരതകൾ അഴിച്ചുവിട്ടതിലൂടെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ലജ്ജാകരമായ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. മോദി സർക്കാരിന്റെ പൊലീസ് വേട്ടയ്ക്കെതിരെ എസ്എഫ്ഐ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്റെ എല്ലാ കോണുകളിലും സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളിൽ നിരവധി വിദ്യാർഥികളും ജനങ്ങളും സംഘടിക്കും.


ജൂലൈ 22 ന് ക്യാമ്പസ് കാമ്പയിൻ സംഘടിപ്പിക്കും. ഇന്ത്യയിലുടനീളം എല്ലാ കോളേജുകളിലും സർവ്വകലാശാലകളിലും പ്രതിഷേധ പ്രകടനങ്ങളും തെരുവ് യോഗങ്ങളും നടക്കും. ജൂലൈ 23 ന് എല്ലാ സംസ്ഥാനങ്ങളിലും ഡിവൈഎഫ്ഐ (DYFI), എഐഡിഡബ്ല്യുഎ (AIDWA), എഐകെഎസ് (AIKS), സിഐടിയു (CITU), എഐഎഡബ്ല്യുയു (AIAWU) തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലോക്‌ഭവൻ മാർച്ച് നടത്തും. കൂടാതെ, പ്രതിഷേധങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ ജന്മദിനം ആചരിക്കും.


ജൂലൈ 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക്. എല്ലാ സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ ക്ലാസ് ബഹിഷ്കരണം നടക്കും. രാത്രി 10 മണി മുതൽ പന്തംകൊളുത്തി പ്രകടനങ്ങളും സാംസ്കാരിക പരിപാടികളുമായി രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിഷേധ സംഗമങ്ങൾ നടക്കും. സാംസ്കാരിക രംഗത്തുള്ള പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിയായിരിക്കും പ്രതിഷേധ സം​ഗമങ്ങൾ സംഘടിപ്പിക്കുന്നത്.


ജൂലൈ 25-26 തീയതികളിൽ ‌ക്യാമ്പെയിൻ വ്യത്യസ്തമാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തുടനീളമുള്ള പൊലീസുകാർക്ക് എസ്എഫ്ഐ 'മെലഡി' ചോക്ലേറ്റുകൾ നൽകും, റിട്ടേൺ ​ഗിഫ്റ്റ് എന്നതാണ് ക്യാമ്പെയിൻ. വിദ്യാർഥികളെ തല്ലിചതച്ച പൊലീസിനെ 'നല്ല പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണ് എസ്എഫ്ഐ മിഠായി വിതരണം നടത്തുന്നത്. കൂടാതെ ഈ പ്രതിഷേധ പ്രകടന ദിവസങ്ങളിൽ പൊലീസ് ക്രൂരതയുടെ ചിത്രങ്ങൾ ഉൾകൊള്ളുന്ന ബാനറുകളും ബോർഡുകളും സ്ഥാപിക്കും. രാജ്യത്തുടനീളം ഈ ബോർഡുകളിൽ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ജനവികാരം രേഖപ്പെടുത്തും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home