റഷ്യയിൽ വീണ്ടും ഉക്രെയ്ൻ ഡ്രോൺ ആക്രമണം; 15 പേർക്ക് പരിക്ക്

റഷ്യയിൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണം |Photo: Social Media/Reuters
മോസ്കോ : റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ വൈൽഡ്ബെറിസിന്റെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഉക്രെയ്ൻ ഡ്രോൺ ആക്രമണം. തെക്കുപടിഞ്ഞാറൻ റഷ്യൻ നഗരങ്ങളായ ക്രാസ്നോദർ, സ്റ്റാവ്രോപോൾ മേഖലയിലെ നെവിന്നോമിസ്ക് എന്നിവിടങ്ങളിലെ വെയർഹൗസുകൾക്ക് നേരെയുണ്ടായ രാത്രികാല ആക്രമണത്തിൽ 15 ജീവനക്കാർക്ക് പരിക്കേറ്റു. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വൈൽഡ്ബെറിസിന്റെ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തുന്നത്.
റഷ്യൻ സൈന്യത്തിന് ആവശ്യമായ ഡ്രോൺ ഭാഗങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ, മറ്റ് സൈനിക സാമഗ്രികൾ എന്നിവ എത്തിച്ചുനൽകുന്ന ലോജിസ്റ്റിക്സ് ഹബ്ബുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ഇരു വെയർഹൗസുകളിൽ നിന്നും ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.
ക്രാസ്നോദറിലുണ്ടായ ആക്രമണത്തിൽ 10 ജീവനക്കാർക്ക് പരിക്കേറ്റു. നെവിന്നോമിസ്കിലെ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ആർമാവിറിൽ കമ്പനി ജീവനക്കാരൻ കൊല്ലപ്പെടുകയും എണ്ണ നിക്ഷേപ കേന്ദ്രത്തിൽ വലിയ തീപിടിത്തമുണ്ടാവുകയും ചെയ്തു. ഇതിന് പുറമെ അസോവ് കടലിലും കരിങ്കടലിലും റഷ്യൻ എണ്ണക്കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയതായി സെലെൻസ്കി വ്യക്തമാക്കി.
റഷ്യ സൈനിക ഉപകരണങ്ങൾ വാങ്ങാൻ വൈൽഡ്ബെറീസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നും, റഷ്യൻ സൈന്യത്തിലേക്കുള്ള വിതരണ ശൃംഖല തകർക്കുകയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഉക്രെയ്ൻ സെക്യൂരിറ്റി ആൻഡ് കോഓപ്പറേഷൻ സെന്റർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച താംബോവ്, ഇലക്ട്രോസ്റ്റാൾ എന്നിവിടങ്ങളിലെ കമ്പനി വെയർഹൗസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടിരുന്നു.









0 comments