ad
Deshabhimani

ഡോ.റാമിനെ രക്ഷിക്കാൻ ഒത്തുകളി: പൊലീസിന്‌ തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥന്‌ കാരണം കാണിക്കൽ നോട്ടീസ്‌

Dr M K Ram Nithin Raj

ഡോ എം കെ റാം, നിധിൻ രാജ്

വെബ് ഡെസ്ക്

Published on Jul 22, 2026, 03:55 PM | 2 min read

തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ്‌ വിദ്യാർഥി നിധിൻ രാജ് മരിച്ച കേസിൽ ഡോ എം കെ റാമിനെ നിയമപ്രകാരമുള്ള നടപടിക്രമം പാലിക്കാതെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കാൻ തലശേരി എസ് സി –എസ്ടി പ്രത്യേക കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സുപ്രീം കോടതി നിർദ്ദേശങ്ങളോടുള്ള അവഗണനയും ഡ്യൂട്ടിയിലുള്ള വീഴ്ചയുമാണെന്ന് കണ്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.


പ്രതിയെ വിട്ടയച്ചുള്ള കോടതി ഉത്തരവിലാണ് ഇതു സംബന്ധിച്ച നിർദേശം. അന്വേഷണ ഉദ്യോഗസ്ഥന്‌ കോടതി ഉത്തരവിൻ്റെ പകർപ്പ് ചൊവ്വാഴ്ച കൈമാറി. അറസ്റ്റിന്റെ കാരണങ്ങൾ കുറ്റാരോപിതനെ കൃത്യമായി അറിയിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശങ്ങൾ എന്തുകൊണ്ട് പാലിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരിക്കണം. സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകൾ പരാമർശിച്ചാണ് നിർണായക നടപടി.


കോടതിയിൽ പ്രതിയെ ഹാജരാക്കുന്നതിന് മുൻപ് സുപ്രിം കോടതി നിർദ്ദേശപ്രകാരമുള്ള അറസ്റ്റിന്റെ കാരണങ്ങൾ പ്രതിക്ക് രേഖാമൂലം നൽകിയിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്. സുപ്രീം കോടതി നിർദ്ദേശം കൃത്യമായി പാലിക്കാത്തതിനാൽ പ്രതിയെ ഉടനടി മോചിപ്പിക്കേണ്ടതാണെന്നും വാദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങൾ അറിയിക്കുന്നതിനായി തയ്യാറാക്കിയ ഫോമുകൾ പരിശോധിച്ചപ്പോൾ പ്രതി ഒപ്പുവെച്ചിട്ടുള്ള രണ്ട് ഫോമുകളിലും അറസ്റ്റിന്റെ കാരണങ്ങളായി "പ്രതി ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം ചെയ്തതിനാലും, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനാലും" എന്ന് മാത്രമാണ് പരാമർശിച്ചത്.

അറസ്റ്റ് ചെയ്യുന്ന സമയത്തോ അതിനുശേഷമോ രേഖാമൂലം നൽകാൻ സാധിച്ചില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ വാക്കാൽ അറിയിക്കാം. എന്നാൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് കുറഞ്ഞത് 2 മണിക്കൂർ മുമ്പെങ്കിലും ഇത് രേഖാമൂലം നൽകിയിരിക്കണം. ഇത് പാലിച്ചില്ലെങ്കിൽ, അറസ്റ്റും തുടർന്നുള്ള കസ്റ്റഡിയും നിയമവിരുദ്ധമാവുകയും വ്യക്തിക്ക് മോചിതനാകാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുമെന്നും 11 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.


പൊലീസിനിന്റെ ഗുരുതര വീഴ്‌ചയാണ് ഡോ. എം കെ റാമിനെ കോടതി വിട്ടയക്കാനിടയായത്‌. തലശ്ശേരി കോടതി വിട്ടയച്ചതിന്‌ പിന്നാലെ കോടതി വളപ്പിൽനിന്ന് വീണ്ടും അറസ്റ്റ്‌ ചെയ്‌തതും മറ്റൊരു വീഴ്‌ചയായി. റാമിനെ പിടികൂടിയത്‌ കോടതി വിമർശത്തിനുശേഷമല്ലേ എന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.


പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്റെ വഴിവിട്ട നീക്കം വിവാദമായതോടെ പുതിയ അന്വേഷകസംഘത്തെ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച്‌ തലയൂരാനാണ്‌ ശ്രമം. നിലവിലുള്ള അന്വേഷക സംഘത്തെ പൂർണമായും മാറ്റി. എസ്‌പി മോഹനചന്ദ്രനാണ്‌ ചുമതല.


എസ്‌സി–എസ്‌ടി സ്‌പെഷൽ കോടതിയായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജിയുടെ ഉത്തരവ്‌ ലംഘിച്ചാണ്‌ കോടതി വിട്ടയച്ച പ്രതിയെ വീണ്ടും പിടിച്ചത്‌. ഉത്തരവ്‌ ലംഘിച്ചുള്ള അറസ്റ്റിൽ നടപടി ഉറപ്പായതോടെ ബന്ധുക്കൾക്കൊപ്പം വിടാനും പൊലീസ്‌ നിർബന്ധിതരാകുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home