"സ്‌പെയ്ൻ കപ്പടിച്ചാൽ നാട്ടുകാർക്ക് മന്തി...'; വാക്കുപാലിച്ച് ഷജീർ

അമ്പലവയലില്‍ നടന്ന കുഴിമന്തി വിതരണം

സ്വന്തം ലേഖകൻ
Published on Jul 22, 2026, 05:02 PM | 1 min read
കൽപ്പറ്റ: "സ്‌പെയ്ൻ കപ്പ് അടിച്ചാൽ മന്തി വിളമ്പുമെന്ന് പറഞ്ഞിരുന്നു, ഇതാ വിളമ്പുന്നു'–- ഇങ്ങനെ പറഞ്ഞാണ് ഷജീർ കുഴിമന്തി വിതരണം ആരംഭിച്ചത്. കൈയടിച്ചും ആർപ്പുവിളിച്ചും സ്‌പെയ്ൻ ആരാധകരും ഒപ്പംകൂടി. ലോകകപ്പ് കിരീടം നേടിയാൽ നാട്ടുകാർക്ക് കുഴിമന്തി നൽകാമെന്ന വാക്കുപാലിച്ചിരിക്കുകയാണ് സ്‌പെയിൻ ആരാധകനായ കൽപ്പറ്റ അമ്പലവയലിലെ വ്യാപാരി ഷജീർ.
ചൊവ്വാഴ്‌ച അമ്പലവയൽ ടൗണിൽ ആയിരത്തോളം പേർക്കാണ് സൗജന്യമായി മന്തി നൽകിയത്. നിരവധി പേർ വിവരമറിഞ്ഞ് രാവിലെ അമ്പലവയലിൽ എത്തിയിരുന്നു. ടൗണിനോട് ചേർന്ന് ഒരുക്കിയ വേദിയിൽ രാവിലെ 10.30ഓടെ ആരംഭിച്ച ഭക്ഷണ വിതരണം ഒരുമണിക്കൂർ നീണ്ടു. നാട്ടുകാരും കായികപ്രേമികളും ആവേശത്തോടെ പങ്കെടുത്തു.
ലോകകപ്പ് തുടങ്ങുന്നതിന് രണ്ട് ദിവസംമുമ്പാണ് ഷജീർ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്. വീഡിയോ വ്യാപകമായു പ്രചരിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ വിദേശത്തുനിന്നും നിരവധി അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചതായി ഷജീർ പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തിയ നിരവധി പേർ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വാഗ്ദാനം വൈറലായപോലെ മന്തിയും വൈറലായി.










0 comments