പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ക്രൂഡ് ഓയിൽ വില കുതിക്കുന്നു

പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ : യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. കഴിഞ്ഞ ആറ് ആഴ്ചകൾക്കിടെ ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളർ കടന്നു. 4.23 ശതമാനം വർധനവോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 95.19 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിലും വില വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ പതിനൊന്നാം രാത്രിയും അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതാണ് ക്രൂഡ് ഓയിൽ വിപണിയിലെ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെയായിരുന്നു യുഎസ് ആക്രമണം.
സൗദി അറേബ്യയുമായി ബന്ധപ്പെട്ട കപ്പലുകൾ ലക്ഷ്യമിട്ട് ഉപരോധം ഏർപ്പെടുത്തുമെന്ന് യമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകിയതും ചെങ്കടലിലെ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഉപരോധ ഭീഷണിയെത്തുടർന്ന് നിരവധി എണ്ണക്കപ്പലുകൾ യാത്രാമാർഗ്ഗം മാറ്റിയതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെടുമോ എന്ന ആശങ്ക ശക്തമായി. മറുപടിയായി ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ തെഹ്‌റാൻ തിരിച്ചടി തുടരുകയാണ്.
ഇറാൻ അധികൃതർ അടിയന്തര ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ ചർച്ചകൾക്ക് തയ്യാറായാൽ മാത്രമേ സഹകരിക്കുകയുള്ളൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രധാന ആണവനിലയത്തിന് സമീപമുള്ള പിക്ക്ആക്സ് പർവത പ്രദേശങ്ങൾ ഉടൻ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ആണവനിലയങ്ങൾ ആക്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെ നിയമവിരുദ്ധമായി കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ തടഞ്ഞതായി ഇറാൻ അറിയിച്ചു. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാതയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചേക്കാം. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ എണ്ണ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.










0 comments