വിദ്യാര്‍ഥികളുടെ യാത്രാ മാര്‍ഗ്ഗങ്ങളും തടയുന്നു; ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ അടച്ചു

ചിത്രം കടപ്പാട് പിടിഐ
ന്യൂഡൽഹി: സുരക്ഷാ ആശങ്കകൾ കാരണം പറഞ്ഞ് ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു. ജന്തർ മന്തറിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എന്നാണ് വിശദീകരണം.
രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, മാണ്ഡി ഹൗസ് ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ ബുധനാഴ്ച രാവിലെയോടെ അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. "സുരക്ഷാ കാരണങ്ങളാൽ... അടുത്ത നിർദ്ദേശം ഉണ്ടാകുന്നത് വരെ," എന്നാണ് വിശദീകരണം.
പ്രതിഷേധത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാര്‍ഥികളും യുവജനങ്ങളും എത്തിക്കൊണ്ടിരിക്കയാണ്. പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തൽ ശ്രമങ്ങൾ വിജയം കണ്ടില്ല. ഇതോടെ സമരത്തിെനെത്തുന്നവരെ തടയുക എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. നേരത്തെ കര്‍ഷക സമരം നടന്നപ്പോഴും സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിൽ പ്രക്ഷോഭകരെ തടഞ്ഞിരുന്നു. സുരക്ഷാ കാരണം മുൻനിര്‍ത്തിയാണ് ഇതിനെ വിശദീകരിച്ചത്.
രാജീവ് ചൗക്ക്, മാണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ സ്റ്റേഷനുകളിൽ ലൈൻ മാറാനുള്ള സൗകര്യം തുടർന്നും ലഭ്യമായിരിക്കുമെന്ന് ഡിഎംആര്‍സി അറിയിപ്പ് വിശദമാക്കുന്നു.
അടച്ച മെട്രോ സ്റ്റേഷനുകളുടെ പട്ടിക
ലോക കല്യാൺ മാർഗ് (Lok Kalyan Marg)
രാജീവ് ചൗക്ക് (Rajiv Chowk)
പട്ടേൽ ചൗക്ക് (Patel Chowk)
രാമകൃഷ്ണ ആശ്രമം മാർഗ് (Ramakrishna Ashram Marg)
ബരാഖംബ റോഡ് (Barakhambha Road)
സുപ്രീം കോടതി (Supreme Court)
സേവാ തീർത്ഥ് (Seva Teerth)
ജൻപഥ് (Janpath)
മാണ്ഡി ഹൗസ് (Mandi House)
സെൻട്രൽ സെക്രട്ടറിയേറ്റ് (Central Secretariat)
ഐ.ടി.ഒ (ITO)
ഡൽഹി ഗേറ്റ് (Delhi Gate)
ഇന്ദ്രപ്രസ്ഥ (Indraprastha)
ഖാൻ മാർക്കറ്റ് (Khan Market)
ജോർ ബാഗ് (Jor Bagh)
ശിവജി സ്റ്റേഡിയം (Shivaji Stadium)
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെ തിങ്കളാഴ്ചയും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നു. സെൻട്രൽ ഡൽഹിയിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുകയും സമര സ്ഥലങ്ങളിലേക്ക് പ്രവഹിക്കയും ചെയ്തത് തടയുകയായിരുന്നു.










0 comments