പവര്‍ കട്ട് സമയം വീണ്ടും കൂട്ടി
ഒന്നേകാല്‍ മണിക്കൂർ ഇരുട്ടിൽ

സ്വന്തം ലേഖകന്‍
മലപ്പുറം
മുന്നറിയിപ്പില്ലാത്ത പവര്‍ കട്ടിനെതിരെ പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോഴും വൈദ്യുതി നിയന്ത്രണസമയം വര്‍ധിപ്പിച്ച് കെഎസ്ഇബി. എറണാകുളം കളമശേരിയിലെ ലോഡ് ഡെസ്പാച്ച് സെന്ററില്‍നിന്നുള്ള നിര്‍ദേശപ്രകാരം വൈകിട്ട് 6.30മുതലാണ് ഓരോ സബ് സ്റ്റേഷനും വിവിധ ഫീഡറുകളില്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നേരത്തെ 30 മിനിറ്റ് വീതം രണ്ടുതവണയായിട്ടായിരുന്നു കട്ട്. എന്നാല്‍, ബുധനാഴ്ച മഞ്ചേരി സര്‍ക്കിളിനുകീഴിലുള്ള എല്ലാ ഫീഡറുകളിലും മൂന്നുതവണ വൈദ്യുതി നിയന്ത്രണമുണ്ടായി. 25 മിനിറ്റ് വീതമാണ് കറന്റ് പോയത്. അതായത്, ഒരു വീട്ടില്‍ വൈകിട്ട് 6.30ന് ശേഷം മൂന്നുതവണ കറന്റ് പോയി. മഞ്ചേരി 110 കെവി സബ് സ്റ്റേഷനിലെ മഞ്ചേരി ടൗണ്‍ ഫീഡറില്‍ വൈകിട്ട് 6.30മുതല്‍ 6.55വരെ, രാത്രി 8.10മുതല്‍ 8.35വരെ, രാത്രി 10.05മുതല്‍ 10.30വരെ എന്നിങ്ങനെ മൂന്നുതവണ പവര്‍ കട്ടായിരുന്നു. പെരിന്തല്‍മണ്ണ 110 കെവി സബ് സ്റ്റേഷനുകീഴിലും സമാനമായിരുന്നു സ്ഥിതി. പൂപ്പലം ഫീഡറില്‍ വൈകിട്ട് 6.30, രാത്രി ഒമ്പത്, 11.30 എന്നിങ്ങനെ മൂന്നുതവണയായി 25 മിനിറ്റ് വീതം കട്ടുണ്ടായി. കീഴാറ്റൂര്‍, മേലാറ്റൂര്‍ ഫീഡറുകള്‍ക്കുകീഴില്‍ വ്യാഴം പുലര്‍ച്ചെ ഒന്നിനുശേഷവും വൈദ്യുതി നിയന്ത്രണമുണ്ടായി. പകല്‍സമയത്തെ നിയന്ത്രണത്തിനുപുറമെ, വൈകിട്ട് 6.30ന് ശേഷം ഓരോ മേഖലയിലും പവര്‍ കട്ട് എത്രസമയമാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് അതത് സബ് സ്റ്റേഷനുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാറുണ്ട്. ഒറ്റത്തണവ കട്ട് 30 മിനിറ്റിന് പകരം 25 മിനിറ്റാക്കിയെങ്കിലും ദുരിതം വര്‍ധിക്കുകയാണ് ചെയ്തത്. നേരത്തെ രണ്ടുതവണയായി ഒരുമണിക്കൂര്‍മാത്രമായിരുന്നു നിയന്ത്രണമെങ്കില്‍ ഇപ്പോള്‍ ഒന്നേകാല്‍ മണിക്കൂറായി.










0 comments