ad
Deshabhimani

വെമ്പായം ബാറിലെ സംഘർഷം; തീയിട്ട യുവാവും മരിച്ചു

BAR
വെബ് ഡെസ്ക്

Published on Jul 22, 2026, 02:04 PM | 1 min read

വെമ്പായം: വെമ്പായം ബാറിലെ സംഘർഷത്തിൽ തീയിട്ട യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് മരിച്ചത്. തീവെപ്പിൽ 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴട‌ങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് (35) കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.


ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ(32), റിയാസ് എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിൽ തുടരുകയാണ്. അരുൺ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ച വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്നം.


നവാസ്, നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈസമയം ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പുറത്തേയ്ക്ക് പോയ അനീഷ് പെട്രോൾ നിറച്ച കന്നാസുമായാണ് എത്തിയത്.


അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നു. പെട്രോൾ ഒഴിച്ച് തീ കത്തിക്കുന്നിടയിൽ അനീഷിന്റെ പുറത്തേക്കും തീ പടർന്നിരുന്നു. അനീഷ് പെട്രോൾ ഒഴിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോളാണ് അടുത്ത ടേബിളിൽ ഇരുന്ന റിയാസിന് ​ഗുരുതരമായി പൊള്ളലേറ്റത്. ബാറിലേക്ക് പെട്രോളുമായി എത്തുന്ന അനീഷ് മൂന്നുവട്ടം നിലത്ത് വീഴുന്നതും സിസിടിവിയിൽ കാണാം. സംഭവം നടക്കുന്ന സമയത്ത് മുപ്പതോളംപേർ ബാറിനുള്ളിൽ ഉണ്ടായിരുന്നു. ബാറിനകത്ത് ഉണ്ടായിരുന്ന മേശ, കസേര, എസി, ഫാൻ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home