ad
Deshabhimani

താലൂക്ക് ആശുപത്രി വരാന്തയിൽ സ്ത്രീയെ തെരുവുനായ കടിച്ചുകീറി; സംഭവം കൊച്ചിയിൽ

kochi hospital
വെബ് ഡെസ്ക്

Published on Jul 22, 2026, 02:44 PM | 1 min read

കൊച്ചി: സർക്കാർ ആശുപത്രി വരാന്തയിലും തെരുവുനായ്ക്കളുടെ വിളയാട്ടം. കൊച്ചി കരുവേലിപ്പടിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. ആശുപത്രി വരാന്തയിൽ വെച്ച് ലീന എന്ന സ്ത്രീയ്ക്ക് തെരുവുനായയുടെ കടിയേറ്റു.


പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന മകൻ്റെ രക്തപരിശോധനാ ഫലം വാങ്ങാനായി ആശുപത്രിയിൽ എത്തിയതായിരുന്നു ലീന. വരാന്തയിലൂടെ നടന്നുപോകുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ നായ ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ലീനയെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകി.


മഹാരാജാസ് താലൂക്ക് ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നാണ് രോഗികളും പ്രദേശവാസികളും പരാതിപ്പെടുന്നത്. രോഗികളും ഒപ്പമെത്തുന്നവരും ഭയത്തോടെയാണ് ആശുപത്രി വരാന്തകളിലൂടെ നടക്കുന്നത്.


സാധാരണക്കാർക്ക് ആശുപത്രി കെട്ടിടത്തിനകത്തുപോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home