'നിങ്ങളോടൊപ്പം നിൽക്കുന്നു'; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ദ്രജിത്തും ചാക്കോച്ചനും

കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് സുകുമാരൻ
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയേറുന്നു. തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ എന്നിവർകൂടി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ച താരങ്ങൾക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് കൂടുതൽ താരങ്ങൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്.
ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെ ശക്തമായ ഭാഷയിലാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ വിമർശിച്ചത്. ജന്തർ മന്തറിൽ വിദ്യാർത്ഥികളോട് അധികൃതർ പെരുമാറിയ രീതി ക്രൂരമാണെന്ന് അദ്ദേഹം കുറിച്ചു.
"അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്താനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്. പ്രതിഷേധം സമാധാനപരമായിരിക്കുമ്പോൾ ഒരധികാരകേന്ദ്രവും അവർക്കെതിരെ അക്രമം അഴിച്ചുവിടാൻ പാടില്ല. ചോദ്യപേപ്പർ ചോർച്ച കാരണം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളോടും, ഇന്നത്തെ പ്രതിഷേധത്തിൽ പരിക്കേറ്റവരോടും ഹൃദയം നിറഞ്ഞ സഹതാപം രേഖപ്പെടുത്തുന്നു. നിങ്ങളുടെ വേദനയും ആശങ്കകളും എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു! അധികാരത്തിലുള്ളവരേക്കാൾ ശക്തമാണ് ജനങ്ങളുടെ ശക്തി. ജയ് ഹിന്ദ്." - ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സമാധാനത്തിനായുള്ള ആഹ്വാനവുമായാണ് നടൻ കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയത്. നമ്മുടെ രാജ്യത്തിന്റെ ഭാവി തലമുറയെ തകർത്തു തരിപ്പണമാക്കരുതെന്നും പരീക്ഷാ പ്രതിസന്ധികൾക്ക് വേഗത്തിൽ പരിഹാരം കണ്ട് സമാധാനം പുലരട്ടെയെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
നീറ്റ് ക്രമക്കേടിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത് എന്നിവർക്ക് നേരെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള ക്യാമ്പെയ്നുകളും അധിക്ഷേപങ്ങളും നടന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ചതിനാണ് ഈ താരങ്ങളെ സൈബർ ആർമി ലക്ഷ്യം വെച്ചത്. എന്നാൽ ഈ സൈബർ ആക്രമണങ്ങൾക്ക് വഴങ്ങില്ലെന്ന പ്രഖ്യാപനവുമായാണ് ഇപ്പോൾ സിനിമാ ലോകം ഒന്നടങ്കം വിദ്യാർത്ഥികൾക്കായി ശബ്ദമുയർത്തുന്നത്.









0 comments