മലയാളി യുവതിക്ക് അമേരിക്കൻ വരന്‍

മട്ടാഞ്ചേരി
നാലുവർഷത്തെ പ്രണയസാക്ഷാല്‍ക്കാരം, മലയാളി യുവതിയുടെ കഴുത്തിൽ താലിചാർത്തി അമേരിക്കൻ പൗരൻ. ഇടക്കൊച്ചി സ്വദേശിയും ഹോംസ്റ്റേ സംരംഭകനുമായ കെ പി ആന്റണിയുടെയും ഗവ. സ്കൂൾ അധ്യാപിക ആനി ആന്റണിയുടെയും മകൾ അഞ്ജലിയെയാണ് അമേരിക്കയിലെ മിഷിഗൺ സ്വദേശി ലിസ വെൽസിന്റെയും പരേതനായ സ്റ്റീവ് വെൽസിന്റെയും മകൻ ബോബി എന്ന റോബർട്ട് ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്.
2021-ൽ ഫ്രാൻസിലെ നൈസ് സിറ്റിയിലെ മ്യൂസിയത്തിൽവച്ചാണ് റോബർട്ടും അഞ്ജലിയും കണ്ടുമുട്ടുന്നത്. ചരിത്രത്തിൽ ഗവേഷണം ചെയ്യുന്ന ബോബിയും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷകയായ അഞ്ജലിയും ജീവിതത്തിൽ ഒന്നാകാൻ തീരുമാനമെടുത്തപ്പോൾ കുടുംബവും പിന്തുണയേകി. അഞ്ജലിയെ കാണാനായി പലതവണ ബോബി കേരളത്തിൽ എത്തിയിരുന്നു. മലയാള ഭാഷയും കേരളത്തിന്റെ വേഷവിധാനവും സംസ്കാരവും ബോബിയെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് കേരളീയരീതിയിലുള്ള വിവാഹം മതിയെന്ന് ഇരുവരും തീരുമാനിച്ചത്. മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽവച്ച് ചൊവാഴ്ച വിവാഹിതരായി. കേരളീയവേഷത്തിലാണ് വധൂവരന്മാർ എത്തിയത്. വിവാഹശേഷം ഇരുവരും മധുരപലഹാരം നൽകിയാണ് മടങ്ങിയത്.








0 comments