പറക്കുന്നു കേരളത്തിന്റെ സ്വന്തം ജലമെട്രോ

കൊച്ചി
ജലമെട്രോയിൽ ഇതുവരെ യാത്രചെയ്‌തവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലത്തിൽ ഉൾപ്പെടെ ഏറ്റെടുക്കപ്പെട്ട ജലമെട്രോ രാജ്യത്തെ 18 നഗരങ്ങളിലേക്കുകൂടി വ്യാപിക്കുന്നുവെന്നതാണ് ഒടുവിലെ വാർത്ത. സംസ്ഥാന സർക്കാർ പൂർണമായി പണംമുടക്കി ആരംഭിച്ച പദ്ധതിക്ക് അന്താരാഷ്‌ട്രതലത്തിൽ ലഭിച്ച അംഗീകാരവും ഏറെ.
2023 ഏപ്രിൽ 26ന് ഹൈക്കോടതി–വൈപ്പിൻ റൂട്ടിൽ ആദ്യ ബോട്ട് ഓടിച്ച് ഉദ്‌ഘാടനം ചെയ്‌ത ജലമെട്രോയ്‌ക്ക് ഇപ്പോൾ ഒന്പത് ടെർമിനലിലേക്ക് സർവീസുണ്ട്. ഏറ്റവുമൊടുവിൽ ആരംഭിച്ചത് മട്ടാഞ്ചേരിയിലേക്ക്. അഞ്ച് റൂട്ടുകളിലായി 24 കിലോമീറ്ററോളമാണ് ജലമെട്രോ സർവീസുള്ളത്. ഹൈക്കോടതി, ഫോർട്ട്കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് ടെർമിനലുകളിലേക്കായി 20 ബോട്ടുകൾ സർവീസ് നടത്തുന്നു. അഞ്ച് ടെർമിനലുകളുടെ നിർമാണം നടക്കുന്നതിൽ കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിൽ വൈകാതെ പണി പൂർത്തിയാക്കും. ആലുവയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്കും സർവീസ് ആരംഭിക്കുന്നതിന് സാധ്യതാപഠനത്തിനും നടപടികളാകുന്നു.
രാജ്യത്തെ 13 പ്രധാന നഗരങ്ങളിലെ ജലപാതകളിൽ ജലമെട്രോ മാതൃക നടപ്പാക്കാനുള്ള സമഗ്ര സാധ്യതാപഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അടുത്തിടെ കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് സമർപ്പിച്ചു. ശ്രീനഗർ, ഗുവാഹത്തി, തേജ്പൂർ, ദിബ്രുഗഡ്, പട്‌ന, വാരണാസി, അയോധ്യ, പ്രയാഗ്‌രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം എന്നീ നഗരങ്ങൾക്കുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. ആൻഡമാൻ, ആലപ്പുഴ, കൊല്ലം നഗരജലപാതകൾക്കുവേണ്ടിയുള്ള റിപ്പോർട്ടും ഇതിൽ ഉൾപ്പെടും. ലക്ഷദ്വീപ്, കൊൽക്കത്ത എന്നിവിടങ്ങളിലെ പഠനം വൈകാതെ പൂർത്തിയാകും.
ന്യൂയോർക്ക് ആസ്ഥാനമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളിസിയുടെ (ഐടിഡിപി) പ്രത്യേക ജൂറി പരാമർശം നേടി, സുസ്ഥിര ഗതാഗത സംവിധാനമെന്ന ആഗോള ബ്രാൻഡായി ജലമെട്രോ മാറി. ബെസ്റ്റ് പാസഞ്ചർ ഇലക്ട്രിക് ബോട്ട്–-ഗസീസ് അവാർഡ്, യുഎൻ–ഹാബിറ്റാറ്റ് അവാർഡ്, ഹാംബർഗ് യുഐടിപി സമ്മിറ്റ് അവാർഡ്, എനർജി ലീഡർഷിപ് അവാർഡ്, ഗ്ലോബൽ മാരിടൈം അവാർഡ്, ഷിപ്‌ടെക് ഇന്റർനാഷണൽ അവാർഡ്, അർബൻ ഇൻഫ്ര അവാർഡ് തുടങ്ങിയവ ഇതുവരെ ജലമെട്രോയെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലത്.










0 comments