വാട്ടർമെട്രോ രാജ്യമാകെ
കെഎംആർഎൽ പഠനറിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി
രാജ്യത്തെ 13 പ്രധാന നഗരങ്ങളിലെ ജലപാതകളിൽ കേരളത്തിന്റെ സ്വന്തം കൊച്ചി വാട്ടർമെട്രോ മാതൃക നടപ്പാക്കാനുള്ള സമഗ്ര സാധ്യാപഠന റിപ്പോർട്ട് കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സമർപ്പിച്ചു. ശ്രീനഗർ, ഗുവാഹത്തി, തേജ്പൂർ, ദിബ്രുഗഡ്, പട്‌ന, വാരണാസി, അയോധ്യ, പ്രയാഗ് രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം എന്നീ നഗരങ്ങൾക്കുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. ആൻഡമാൻ, ആലപ്പുഴ, കൊല്ലം നഗരജലപാതകൾക്കുവേണ്ടിയുള്ള റിപ്പോർട്ടും ഇതിൽ ഉൾപ്പെടും. ലക്ഷദ്വീപ്, കൊൽക്കത്ത എന്നിവിടങ്ങളിലെ പഠനം വൈകാതെ പൂർത്തിയാകും.
കൊച്ചി വാട്ടർമെട്രോയുടെ വിജയത്തെ തുടർന്നാണ് രാജ്യവ്യാപകമായി സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ കെഎംആർഎല്ലിനെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ നവംബറിലാണ് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം 18 കേന്ദ്രങ്ങളിലെ പഠനത്തിന് കെഎംആർഎല്ലിനെ ചുമതലപ്പെടുത്തിയത്. റെക്കോഡ് വേഗത്തിലാണ് കെഎംആർഎൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്.
മുംബൈയിൽ വിശദപദ്ധതി റിപ്പോർട്ട് മുംബൈയിൽ 250 കിലോമീറ്റർ ജലപാതയിൽ 207 ബോട്ടുകൾ ഉപയോഗിച്ചുള്ള 10 റൂട്ടുകളും 46 ടെർമിനലുകളുമാണ് നിർദേശിച്ചിട്ടുള്ളത്. നേരത്തേ പൂർത്തിയാക്കിയ സാധ്യതാപഠനത്തിനുപുറമെ, വൈതർണ, വസായ്, മനോരി, താനെ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ചുള്ള വിശദപദ്ധതി റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചു. ഈ കൺസൾട്ടൻസി സേവനത്തിലൂടെ കെഎംആർഎല്ലിന് എട്ടുകോടി വരുമാനം ലഭിച്ചതായി എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ആലപ്പുഴയിൽ 8 റൂട്ടുകൾ, കൊല്ലത്തിന് 35 ബോട്ട്
ആലപ്പുഴയിൽ വാട്ടർമെട്രോ നടപ്പാക്കുന്നതിന് എട്ട് പ്രധാന റൂട്ടുകളാണ് കെഎംആർഎൽ പഠനവിധേയമാക്കിയത്. കെഎസ്ആർടിസി– പുന്നമട– കൈനകരി– നാട്ടകം, കെഎസ്ആർടിസി– പുന്നമട– മുഹമ്മ, പാതിരാമണൽ– കുമരകം– ചീപ്പുങ്കൽ– തണ്ണീർമുക്കം ബണ്ട്, മീനപ്പള്ളി– ചേന്നങ്കരി– മങ്കൊമ്പ്, മങ്കൊമ്പ്– കിടങ്ങറ, മുഹമ്മ– പാതിരാമണൽ– കുമരകം, കെഎസ്ആർടിസി– മീനപ്പള്ളി എന്നിവയാണ് ഉൾപ്പെടുന്നത്. ആകെ 87.77 കിലോമീറ്റർ ജലപാതയിൽ 61 ബോട്ടുകളും 15 ടെർമിനലുകളും വേണ്ടിവരും. കൊല്ലത്ത് ഏകദേശം 34.85 കിലോമീറ്ററാണ് ജലപാത. 35 ബോട്ടുകളും 15 ടെർമിനലുകളും വേണ്ടിവരുമെന്നും കണക്കാക്കി.










0 comments