നിലമൊരുക്കൽ തുടങ്ങി
വാട്ടർ മെട്രോ ബോട്ട്‌ജെട്ടി ടെർമിനൽ നിർമാണത്തിന് തുടക്കം

എറണാകുളം ബോട്ട്‌ജെട്ടിക്കുസമീപം വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണത്തിനായി മരം വെട്ടിമാറ്റിയപ്പോൾ

സ്വന്തം ലേഖകൻ
Published on Aug 06, 2026, 02:45 AM | 1 min read
കൊച്ചി
എറണാകുളം ബോട്ട്‌ജെട്ടിക്ക് സമീപം വാട്ടർ മെട്രോയുടെ പുതിയ ടെർമിനൽ നിർമാണത്തിനുള്ള നിലമൊരുക്കൽ നടപടികൾക്ക് തുടക്കം. വാട്ടർ മെട്രോയുടെ പ്രധാന സർവീസ് പോയിന്റുകളിലൊന്നായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ടെർമിനലിന്റെ നിർമാണത്തിനുള്ള കരാർ നൽകിയതിന് പിന്നാലെയാണ് നിലമൊരുക്കൽ തുടങ്ങിയത്. 2027 ജൂണോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എറണാകുളം ജെട്ടിക്കും സുഭാഷ്‌ബോസ് പാർക്കിനുമിടയിലുള്ള 40 സെന്റ് സ്ഥലത്താണ് ടെർമിനൽ ഉയരുക. നിലവിൽ വാട്ടർ മെട്രോയുടെ വലിയ ടെർമിനലായ ഹൈക്കോർട്ട് ടെർമിനലിനോളം വലിപ്പവും സൗകര്യവുമുള്ളതാകും ഇത്. 15,000 ചതുരശ്രയടി വിസ്‌തീർണമുള്ള ടെർമിനലിന് മുകളിൽ 5000 ചതുരശ്രയടി വാണിജ്യാവശ്യത്തിനായാണ് നിർമിക്കുക. കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കുന്പോൾ ബോട്ട്‌ജെട്ടി ടെർമിനൽ പ്രധാന കേന്ദ്രമാകും. കൊച്ചിയിലെ കൂൾ ഹോം ബിൽഡേഴ്‌സിനാണ് നിർമാണ കരാർ. ജർമൻ ഡെവലപ്‌മെന്റ് ബാങ്കിൽനിന്നുള്ള വായ്‌പയാണ് നിർമാണത്തിന് വിനിയോഗിക്കുക. 30 കോടി രൂപയാണ് നിർമാണ ചെലവ്.
മാർച്ചിൽ ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ തുടർനടപടികൾ വൈകി. ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകളുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികളും പൂർത്തിയാവുകയാണ്. രണ്ടുമാസത്തിനകം കരാർ നൽകാനാകും. ചാർജിങ് സ്‌റ്റേഷൻ ഉൾപ്പെടെയാണ് ഇടക്കൊച്ചിയിൽ പൂർത്തിയാകുക. കുന്പളം ടെർമിനൽ നിർമാണം പൂർത്തിയായി. എറണാകുളം ടെർമിനൽ പൂർത്തിയാകുന്നതോടെ വാട്ടർ മെട്രോ കുന്പളത്തേക്കും അവിടെനിന്ന് വൈറ്റിലയിലേക്കും ബന്ധിപ്പിക്കാനാകും. ഇടക്കൊച്ചിയിൽനിന്ന് മട്ടാഞ്ചേരിയിലേക്കും സർവീസ് തുടങ്ങാനാകും.










0 comments