ജലമെട്രോ: കടമക്കുടിയില്‍ ഇനി ശേഷിക്കുന്നത് ഡ്രഡ്‌ജിങ്

കടമക്കുടി ജലമെട്രോ സ്റ്റേഷൻ

സ്വന്തം ലേഖകൻ
Published on May 04, 2026, 02:00 AM | 1 min read
കൊച്ചി
കടമക്കുടിയിലേക്കുള്ള ജലമെട്രോ സർവീസ് തുടങ്ങാനുള്ള നിർമാണപ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. പ്രധാനമായും ഡ്രഡ്‌ജിങ് പ്രവൃത്തിയാണ് ശേഷിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയശേഷം ടെൻഡർ വിളിച്ച് പ്രവൃത്തിയിലേക്ക് കടക്കും. അതിനകം, സർവീസ് നടത്താനുള്ള ബോട്ട് കൊച്ചി കപ്പൽശാലയിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജലമെട്രോ സ്‌റ്റേഷന്റെയും ഫ്ലോട്ടിങ് ജെട്ടിയുടെയും നിർമാണം പൂര്‍ത്തിയായി.
ജലമെട്രോ സർവീസ് ആരംഭിക്കുന്നതിലൂടെ കൂടുതൽ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തും. പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹാകരമാകും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുതന്നെയാകും കടമക്കുടിയിലേക്കുള്ള സർവീസ് ഷെഡ്യൂൾ തയ്യാറാക്കുക. വൈപ്പിൻ മണ്ഡലത്തിൽ ഉൾപ്പെട്ട കടമക്കുടി പ്രദേശത്തിന്റെ വിനോദസഞ്ചാരപെരുമയെ പുറംലോകത്തേക്ക് എത്തിക്കുന്നതിൽ എൽഡിഎഫ് സർക്കാരും കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയും വിപുലമായ പരിപാടികൾ നടപ്പാക്കിയിരുന്നു. കെഎസ്‌ആർടിസിയുമായി ചേർന്ന് ബജറ്റ് ടൂറിസം പദ്ധതിക്കും തുടക്കമിട്ടിരുന്നു.
"കടമക്കുടിയാണ് ഭൂമിയിലെ ഏറ്റവും സുന്ദരഗ്രാമം’–മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചതോടെ ദ്വീപ് വീണ്ടും ലോകശ്രദ്ധയിലെത്തി. ഇവിടം സന്ദർശിച്ചശേഷമാണ് ദ്വീപിന്റെ സൗന്ദര്യത്തെ പുകഴ്‌ത്തിയത്. ‘ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്ന് എന്ന ഖ്യാതി കടമക്കുടി ശരിക്കും അർഹിക്കുന്നുണ്ടോ എന്ന് അറിയാനാണ് ഇവിടെ എത്തിയത്. വൃത്തിയും പരിശുദ്ധവുമായ നാട്. കണ്ണെത്താദൂരം നീളുന്ന കായൽ ആരെയും മോഹിപ്പിക്കും. ചില പ്രകൃതിദൃശ്യങ്ങൾ നിങ്ങളെ ആകർഷിക്കുകമാത്രമല്ല, നവീകരിക്കുകയും ചെയ്യും’’–സന്ദർശനശേഷം ആനന്ദ് മഹീന്ദ്ര വീണ്ടും എക്‌സിൽ കുറിച്ചതിങ്ങനെയായിരുന്നു.









0 comments