ചീഞ്ഞുനാറി വെങ്ങോലയിലെ മാലിന്യശേഖരണ കേന്ദ്രം

പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്തിൽ വിവിധ വാർഡുകളിൽനിന്നെത്തുന്ന മാലിന്യങ്ങൾ പഴയപഞ്ചായത്ത് കെട്ടിടത്തിൽ ശേഖരിച്ചത് നീക്കംചെയ്യാത്തതിൽ പ്രതിഷേധം വ്യാപകമായി. ഇതിനെതിരെ എൽഡിഎഫ് അംഗങ്ങൾ കലക്ടർക്ക് പരാതി നൽകി. ഒരുമാസമായി മാലിന്യനീക്കം നിലച്ചിട്ട്. മാലിന്യം നീക്കുന്നതിന് കരാർ പുതുക്കുന്നതിനും പുതിയ ടെൻഡർ നൽകുന്നതിനും പഞ്ചായത്ത് തയ്യാറായില്ല.
ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ഇടിഞ്ഞുവീഴാറായ പഴയ പഞ്ചായത്ത് കെട്ടിടത്തിലിരുന്ന് മാലിന്യങ്ങൾ വേർതിരിക്കുന്നത് അപകടഭീഷണിയാണെന്ന് എൽഡിഎഫ് അംഗങ്ങൾ അറിയിച്ചു. ഹരിതകർമ സേനാംഗങ്ങളുടെ ഭർത്താക്കൻമാർ പ്ലാസ്റ്റിക് കൊണ്ടുപോയി ആക്രിക്കച്ചവടം നടത്തുകയാണെന്ന പഞ്ചായത്ത് കമ്മിറ്റിയിലെ പ്രസിഡന്റിന്റെ പരാമർശം വിവാദത്തിലാണ്.
വാർഡുകളിൽനിന്ന് ഹരിതകർമസേനയോട് മാലിന്യം എടുക്കരുതെന്ന് കഴിഞ്ഞദിവസം പ്രസിഡന്റ് നിർദേശിച്ചതും പ്രതിസന്ധിക്ക് ഇടയാക്കി. പഞ്ചായത്തിൽ ലഭ്യമായ പുറമ്പോക്കുസ്ഥലം ഉപയോഗപ്പെടുത്തി എംസിഎഫ് നിർമിക്കാൻ ഇതുവരെ യുഡിഎഫ് ഭരണസമിതിക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി എം സലീം, ലോക്കൽ സെക്രട്ടറി സി വി ഐസക്, വാർഡ് മെമ്പർമാരായ ബേസിൽ കുര്യാക്കോസ്, കെ ഇ കുഞ്ഞുമുഹമ്മദ്, എ എം സുബൈർ, അബ്ദുൾ ജലാൽ, ബിബിൻഷാ യൂസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.









0 comments