ടീ സ്റ്റാള്‍ ഉടമയുടെ ജാഗ്രത; റോഡില്‍ മാലിന്യം തള്ളിയവരെ പിടിച്ചു

ആലുവ
റോഡില്‍ മാലിന്യം തള്ളിയവരെ പിന്തുടര്‍ന്ന് പിടികൂടി വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിച്ച്, ദൃശ്യം ഫോണില്‍ പകര്‍ത്തി പഞ്ചായത്തിന് കൈമാറിയ ടീ സ്റ്റാൾ ഉടമയ്ക്ക് പാരിതോഷികം. മുപ്പത്തടം ആറാട്ടുകടവിനുസമീപം ടീ സ്റ്റാള്‍ നടത്തുന്ന അബ്ദുള്‍ റഹ്‌മാന്‍ കിഴക്കേലാനാണ് കടുങ്ങല്ലൂര്‍ മൂപ്പത്തടം കെഎസ്ഇബി റോഡില്‍ മാലിന്യം തള്ളിയ അതിഥിത്തൊഴിലാളികളെ പിടികൂടിയത്.
ശുചീകരിച്ച് ഒരാഴ്ച തികയുംമുമ്പാണ് ഇവിടെ വീണ്ടും മാലിന്യം തള്ളിയത്. പൊന്നരം കവലയ്‌ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന എടയാറിലെ സ്വകാര്യ കമ്പനിയിലെ അതിഥിത്തൊഴിലാളികള്‍ പ്ലാസ്റ്റിക് കിറ്റുകളുമായി പോകുന്നത് കണ്ട് അബ്ദുള്‍ റഹ്‌മാന്‍ പിന്തുടരുകയായിരുന്നു. റോഡിൽ ഇവര്‍ മാലിന്യക്കവറുകള്‍ തള്ളുന്നത് കണ്ട ഇദ്ദേഹം മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ കെ എന്‍ രാജീവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മാലിന്യം തിരികെ എടുപ്പിച്ചു. ഇവരെ തടഞ്ഞുവച്ച് ഇവര്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതരെയും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമയെയും വിളിച്ചുവരുത്തി. മാലിന്യം വലിച്ചെറിഞ്ഞതിന് 15,000 രൂപ പിഴ ചുമത്തി. കെഎസ്ഇബി റോഡ് ശുചീകരണഫണ്ടിലേക്ക് 10,000 രൂപയും ഈടാക്കി. അതിഥിത്തൊഴിലാളികള്‍ക്ക് കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവർ മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പുനല്‍കി. അബ്ദുള്‍ റഹ്‌മാന് പാരിതോഷികമായി പിഴത്തുകയില്‍നിന്ന് 3500 രൂപ നല്‍കുമെന്നും അറിയിച്ചു.









0 comments