ad
Deshabhimani

എന്നും എപ്പോഴും ഹൃദയപക്ഷം

vyppin, paravur
avatar
ജെയ്‌സൻ ഫ്രാൻസിസ്‌

Published on Mar 12, 2026, 02:59 AM | 3 min read

കൊച്ചി


ജില്ലയിലെ ‘ജൂനിയർ’ മണ്ഡലങ്ങളിൽ ഒന്നാണ്‌ 2011ൽ നിലവിൽവന്ന തീരദേശമണ്ഡലം വൈപ്പിൻ. എന്നാൽ, ചരിത്രവും നവോത്ഥാന, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പാരന്പര്യവും കേരളത്തിന്‌ നൽകിയ സംഭാവനകളും കണക്കാക്കിയാൽ ‘സീനിയറും’. ഇടതുപക്ഷ മനസ്സുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളിൽ എന്നും വിജയക്കൊടി പാറിക്കുന്നത്‌ എൽഡിഎഫാണ്‌.


വൈപ്പിന്‌ സവിശേഷതകൾ നിരവധി. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീരഗ്രാമമെന്ന ഖ്യാതിയുണ്ട്‌. കടലും കായലും ദ്വീപ്‌സമൂഹങ്ങളും പകരുന്ന ചാരുത ഏറെ. കണ്ടാലും കണ്ടാലും മതിവരാത്ത ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും ആകർഷണീയത കൂട്ടുന്നു. ചെമ്മീൻകെട്ടുകളും പൊക്കാളിപ്പാടങ്ങളും കാർഷികസംസ്കൃതിയുടെ കരുത്താണ്‌. സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ്‌ കറുപ്പൻ ഉൾപ്പെടെയുള്ളവരുടെ വാക്കും പ്രവൃത്തികളും ഹൃദയത്തിലേറ്റിയ നാടാണ്‌. പാലിയം രക്തസാക്ഷി എ ജി വേലായുധന്റെ രക്തസാക്ഷിത്വം ഓർമകളെ തീപിടിപ്പിക്കുന്ന കാറ്റാണിപ്പോഴും.


ഞാറക്കൽ മണ്ഡലത്തോട്‌ മുളവുകാട്‌ പഞ്ചായത്ത്‌ കൂട്ടിച്ചേർത്താണ്‌ വൈപ്പിൻ മണ്ഡലം രൂപീകരിച്ചത്‌. മണ്ഡലം നിലവിൽവന്നശേഷം ആദ്യ രണ്ട്‌ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി മത്സരിച്ചത്‌ എസ്‌ ശർമ. 2011ൽ 5242ഉം 2016ൽ 19,353ഉം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ജയിച്ചത്‌. 2021ൽ കെ എൻ ഉണ്ണിക്കൃഷ്‌ണനായിരുന്നു സ്ഥാനാർഥി. മണ്ഡലം പതിവ്‌ തെറ്റിച്ചില്ല. 8201 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ നൽകിയത്‌.


മണ്ഡലത്തിന്റെ വളർച്ചയ്‌ക്കും നാടിന്റെ പുരോഗതിക്കും തുണയായത്‌ എൽഡിഎഫ്‌ സർക്കാരും മുന്നണിയിലെ ജനപ്രതിനിധികളുമാണെന്ന്‌ അനുഭവത്തിൽനിന്നറിഞ്ഞവരാണ്‌ ഇവിടെയുള്ളവർ. ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ്‌ ഗോശ്രീപാലങ്ങളുടെ നിർമാണം ആരംഭിച്ചത്‌. ഇന്ന്‌ നാടിന്റ മറ്റൊരു സ്വപ്‌നമായ മുനന്പം–അഴീക്കോട്‌ പാലം യാഥാർഥ്യമാക്കുന്നത്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ. തീരദേശപാതയുടെ ഭാഗമായി കടലിനടിയിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ ഇരട്ട തുരങ്കപാതയും അധികംവൈകാതെ മണ്ഡലത്തിന്‌ സ്വന്തമാകും.


36 കോടി രൂപ ചെലവിൽ വൈപ്പിൻ–മുനന്പം പാത നവീകരണം, കാളമുക്ക്‌ ഫിഷ്‌ലാൻഡിങ്‌ സെന്റർ, എടവനക്കാട്‌ ടെട്രാപോഡ്‌ കടൽഭിത്തി, ഗോശ്രീ ബസുകളുടെ നഗരപ്രവേശം, 56 കോടിയുടെ ചാത്തനാട്‌–കടമക്കുടി പാലം ഉൾപ്പെടെ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ നാടിന്‌ സമ്മാനിച്ചു. കടമക്കുടി, മുളവുകാട്‌, എടവനക്കാട്‌, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരന്പലം, ഞാറക്കൽ, പള്ളിപ്പുറം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ മണ്ഡലം.


നുണകൾ പൊളിക്കണം, വീണ്ടെടുക്കണം പ്രതാപവും പെരുമയും


സ്വന്തം ലേഖകൻ


കൊച്ചി


ചരിത്രം തുടിക്കുന്ന മണ്ണാണ്‌ പറവൂരിലേത്‌. സംസ്‌കാരങ്ങളുടെ‍, ത്യാഗോജ്വല പോരാട്ടങ്ങളുടെ ഭൂമിക. വാണിജ്യപരമായും പ്രാധാന്യമേറെ. എന്നാൽ, പറവൂരിന്റെ പ്രതാപത്തിനും പെരുമയ്‌ക്കും മങ്ങലേറ്റിരിക്കുകയാണിന്ന്‌. മണ്ഡലത്തെ തുടർച്ചയായി യുഡിഎഫ്‌ പ്രതിനിധീകരിക്കാൻ ആരംഭിച്ചതോടെ കഷ്ടകാലത്തിന്റെ ആരംഭമായി.


കേരളത്തിന്റെ പോരാട്ടനാൾവഴികളിൽ ജ്വലിച്ചുനിൽക്കുന്ന പാലിയം സമരത്തിൽ സ്‌മരണകൾ തുടിക്കുന്നുണ്ടിവിടെ. സമരം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസുൾപ്പെടെ പിന്തിരിഞ്ഞപ്പോൾ ഒറ്റയ്‌ക്ക്‌ സമരം നയിച്ച്‌ അവർണർക്ക്‌ വഴിനടക്കാനുള്ള അവകാശം നേടിനൽകിയത്‌ കമ്യൂണിസ്‌റ്റ്‌ പാർടി.

മുസിരിസ്‌ പൈതൃകസംരക്ഷണ പദ്ധതി, പറവൂർ, ചേന്ദമംഗം സിനഗോഗുകൾ എല്ലാം നാടിന്റെ സന്പന്നമായ ചരിത്രത്തിലേക്കുള്ള വഴികാട്ടികളാണ്‌. ചേന്ദമംഗലം കൈത്തറി പറവൂരിന്റെ അഭിമാനങ്ങളിൽ ഒന്നാണ്‌.


എൽഡിഎഫ്‌, യുഡിഎഫ്‌ സ്ഥാനാർഥികളെ നിയമസഭയിലേക്ക്‌ അയച്ച ചരിത്രമാണ്‌ പറവൂരിന്‌. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ എൻ ശിവൻപിള്ളയ്‌ക്കായിരുന്നു ജയം. അടുത്തതവണ കോൺഗ്രസിലെ കെ എ ദാമോദരൻ. തുടർന്ന്‌ മൂന്നുതവണ കോൺഗ്രസിലെ കെ ടി ജോർജ്‌. 1977ൽ കോൺഗ്രസിലെതന്നെ സേവ്യർ അറയ്‌ക്കൽ. 1980ൽ കോൺഗ്രസിലെ എ സി ജോസ്‌. 1982ൽ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്‌ വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ്‌ പറവൂരിൽ നടന്നു. 50 ബൂത്തുകളിൽ യന്ത്രം ഉപയോഗിച്ചു. 124 വോട്ടിന്‌ സിപിഐയിലെ എൻ ശിവൻപിള്ള ജയിച്ചു. എതിർസ്ഥാനാർഥി എ സി ജോസിന്റെ പരാതിയിൽ 50 പോളിങ്‌ സ്‌റ്റേഷനിലും പേപ്പർ ബാലറ്റ്‌ ഉപയോഗിച്ച്‌ റീപോളിങ്‌ നടത്തി. ജയം എ സി ജോസിനായി. 1984ൽ ഇ‍ൗ ഫലം സുപ്രീംകോടതി റദ്ദാക്കി. 1987ൽ ശിവൻപിള്ള ജയിച്ചു. തുടർന്നുള്ള രണ്ട്‌ തെരഞ്ഞെടുപ്പുകളിൽ ശിവൻപിള്ളയുടെ മകനും സിപിഐ നേതാവുമായ പി രാജു ജയിച്ചു.


2001 മുതൽ വി ഡി സതീശനാണ്‌ എംഎൽഎ. നുണകളും കോടതിവ്യവഹാരങ്ങളുമായി വികസനം മുടക്കാൻ പ്രതിപക്ഷ നേതാവ്‌ ഒരുന്പെട്ടിറങ്ങിയപ്പോൾ മണ്ഡലത്തിന്‌ നാഥനില്ലാതായി. എൽഡിഎഫ്‌ സർക്കാരിന്റെ കരുതലാണ്‌ നാട്ടുകാർക്ക്‌ ആശ്വാസമായത്‌. 10 വർഷത്തിനകം കിഫ്‌ബി പദ്ധതിലൂടെമാത്രം 93 കോടിയുടെ വികസനപദ്ധതികൾ യാഥാർഥ്യമാക്കി. അധ്യയനം ആരംഭിച്ച കോളേജ് കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ഗവ. ആർട്സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, ദേശീയപാത 66 വികസനം, ആറുകോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ചേന്ദമംഗലം കൈത്തറി ഗ്രാമം ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ മണ്ഡലത്തിന് സർക്കാർ നൽകി. പറവൂർ നഗരസഭ, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മണ്ഡലം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home