വൈപ്പിനിലേക്കെത്തുന്നു വിസ്‌മയപ്പാലം

നിർമാണം പുരോഗമിക്കുന്ന മുനന്പം–അഴീക്കോട് പാലം
കൊച്ചി
പെരുന്പളം പാലംപോലെ ജില്ലയിൽ പൂർത്തിയാകുന്ന വിസ്‌മയമാണ് തീരദേശഹൈവേയുടെ ഭാഗമായി വൈപ്പിനെ തൃശൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുനന്പം–അഴീക്കോട് പാലം. പകുതിയിലേറെ നിർമാണം പൂർത്തിയായ പാലത്തിന്റെ മാത്രം നീളം 916 മീറ്ററാണ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1124 മീറ്റർ. 15.7 മീറ്റർ വീതിയും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കുമാണുണ്ടാകുക.
കരതൊട്ടത് കിഫ്‌ബി കരുത്തിൽ
കിഫ്ബിയിൽനിന്നുള്ള 160 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. കേരള റോഡ് ഫണ്ട് ബോർഡിനാണ് മേൽനോട്ട ചുമതല. ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നിർമിക്കുന്നത് ചെറിയാൻ വർക്കി കൺസ്‌ട്രക്‌ഷൻസ്. 12 സ്‌പാനുകളാണുള്ളത്. അഴീക്കോട് ഭാഗത്തുനിന്നാരംഭിച്ച ഗർഡർ സ്ഥാപിക്കൽ ഏഴ് സ്‌പാൻ പിന്നിട്ടു. മുനന്പം ഭാഗത്തെ അപ്രോച്ചിന്റെ നിർമാണവും പൂർത്തീകരണത്തിലാണ്.
കുതിക്കും ടൂറിസവും
രണ്ടു ജില്ലകളെ മിനിറ്റുകളുടെ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാലം ഇരുഭാഗത്തെയും ടൂറിസം വികസനത്തിനും കുതിപ്പേകും. മുനമ്പം, ചെറായി, കുഴുപ്പിള്ളി, പുതുവൈപ്പ് ബീച്ച് ടൂറിസം കൂടുതൽ സാധ്യതകളിലേക്ക് ഉയരും.
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്‌ണന്റെയും കയ്‌പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്‌റ്ററുടെയും അശ്രാന്ത പരിശ്രമഫലം കൂടിയാണ് പെരിയാറിന് കുറുകെ പൂർത്തിയാകുന്ന വിസ്‌മയപ്പാലം.










0 comments