ധാരണപത്രമായി ; തീരദേശവികസനത്തിന് 
സ്വപ്‌നപദ്ധതി ഒരുങ്ങുന്നു

vyppin
വെബ് ഡെസ്ക്

Published on Jun 25, 2025, 03:40 AM | 1 min read


വൈപ്പിൻ

മണ്ഡലത്തിലെ തീരസംരക്ഷണത്തിന് സ്വപ്‌നപദ്ധതി തയ്യാറായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നിയമസഭാപ്രസംഗങ്ങളും നിവേദനങ്ങളും ഫലംകണ്ടു. തീരദേശ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും (എൻസിസിആർ)- കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനും (കെഎസ്‌സിഎഡിസി) ധാരണപത്രത്തിൽ ഒപ്പിട്ടു.

ധാരണപത്രം അനുസരിച്ച്‌ തീരശോഷണവും കടലാക്രമണവും തടയുന്നതിന്‌ കടലിൽ സിന്തറ്റിക് ജിയോ ട്യൂബ് സ്ഥാപിക്കും. കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ, നായരമ്പലം, ചെറായി എന്നിവ ഇതിൽപ്പെടുന്നു.


തീരത്തുനിന്ന് പടിഞ്ഞാറോട്ട്‌ മാറിയാണ് സിന്തറ്റിക് ജിയോ ട്യൂബുകൾ സ്ഥാപിക്കുക. പെട്രോകെമിക്കൽ ഉപോൽപ്പന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്നവയാണ്‌ ഈടുറ്റ ട്യൂബുകൾ. കടലിൽനിന്നുതന്നെ മണൽ നിറയ്‌ക്കുന്നതോടെ ട്യൂബുകളുടെ കരുത്ത് വർധിക്കും. വലിയ തിരമാലകളുടെ ആഘാതം കുറയ്‌ക്കാനും സാധിക്കും. തീരം പുനർനിർമിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. കടലാക്രമണം ഇല്ലാതാകുന്നതോടെ തീരത്തിന്റെ തൽസ്ഥിതി നിലനിർത്താനുമാകും.


250 മുതൽ 300 ടൺവരെ ഭാരമുള്ള ട്യൂബുകളാണ് കടലിൽ ഇറക്കുന്നത്. ഇതിനുവേണ്ടി റിഗ്ഗുകളിലുംമറ്റും ജോലി ചെയ്ത് പരിചയമുള്ളവരെ ചുമതലപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ മത്സ്യസമ്പത്ത് വർധിക്കുമെന്നാണ് നിഗമനം.

കാലവർഷത്തിനുശേഷം ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ഈ സാമ്പത്തികവർഷംതന്നെ നിർമാണം പൂർത്തിയാക്കുമെന്നും എംഎൽഎ അറിയിച്ചു.


സംസ്ഥാനത്തും ദേശീയതലത്തിലും തീരസംരക്ഷണപ്രവർത്തനങ്ങൾ, തീരദേശ പശ്ചാത്തലവികസനം, അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കുന്നതിനാണ് ഇപ്പോൾ ഒപ്പുവച്ച ധാരണപത്രം ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ എൻസിസിആറിനുവേണ്ടി ഡീപ് ഓഷ്യൻ മിഷൻ ആൻഡ്‌ എൻസിസിആർ ഡയറക്ടർ ഡോ. എം വി രമൺമൂർത്തിയും സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്‌സിഎഡിസിക്കുവേണ്ടി എംഡി പി ഐ ഷേയ്ക്ക് പരീതുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. എംഎൽഎയുടെ ആവശ്യം പരിഗണിച്ച് ഇരുവരും നേരത്തേ വൈപ്പിനിലെ തീരമേഖലകൾ സന്ദർശിച്ചിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Home