വെർച്വൽ അറസ്‌റ്റ് തട്ടിപ്പ് തത്സമയം പൊളിച്ച് പൊലീസ്

ആലുവ
വെർച്വൽ അറസ്റ്റ് ഭയന്ന് ഫോണുമായി സൈബർ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവാവിന് മുമ്പിൽവച്ച് പൊലീസ് തട്ടിപ്പ് പൊളിച്ചടുക്കി. ആലുവ സ്വദേശിക്കാണ് തട്ടിപ്പുസംഘത്തിന്റെ വിളി എത്തിയത്. യുവാവിന്റെ ആധാർ കാർഡ് ഉപയോഗിച്ച് രണ്ട് വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ടെന്നും ഈ സൈറ്റ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നടന്നിട്ടുണ്ടെന്നും ഇതിന് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. ഉടനെ വീഡിയോ കോളിൽ വരണമെന്നും ആധാർ, അക്കൗണ്ട്, പാൻ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെങ്കിൽ അടുത്തുള്ള സ്റ്റേഷനിൽ ഹാജരാകുക, അവർ അറസ്റ്റ് ചെയ്ത് ഡൽഹിയിൽ എത്തിച്ചുകൊള്ളുമെന്നും ഭീഷണിപ്പെടുത്തി.
യുവാവ് ഫോൺ കട്ട് ചെയ്യാതെ ആലുവ സൈബർ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്ക് കൈമാറി. ആദ്യം യുവാവാണെന്ന രീതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ സംസാരിച്ചു. സംഘം ഭീഷണി ആവർത്തിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. എവിടെയാണെന്ന് ചോദിച്ചപ്പോൾ പുറത്താണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവാവിനോട് വീട്ടിലെത്തി അടച്ചിട്ട മുറിയിൽ വീഡിയോ കോളിലെത്താനും ആവശ്യപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്കുമുമ്പിൽ തട്ടിപ്പുസംഘം പതറി. അപകടം മണത്ത അവർ ഫോൺ കട്ട് ചെയ്ത് തടിതപ്പി. തിരിച്ച് പലതവണ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നു. വെർച്വൽ അറസ്റ്റ് എന്ന സംഭവം ഇല്ലെന്ന് പറഞ്ഞുമനസ്സിലാക്കിയാണ് യുവാവിനെ പൊലീസ് മടക്കിയത്.









0 comments