പകർച്ചപ്പനി വ്യാപകമാകുന്നു
പഞ്ചായത്തുകളിലെ ശുചീകരണം പാളി

പെരുമ്പാവൂർ
പഞ്ചായത്തുകളിൽ മഴക്കാല ശുചീകരണപ്രവർത്തനങ്ങൾ അവതാളത്തിലായി. പകർച്ചപ്പനി വ്യാപകമാകുന്നു. രായമംഗലം, അശമന്നൂർ, വേങ്ങൂർ, കൂവപ്പടി, വെങ്ങോല പഞ്ചായത്തുകളിലാണ് ശുചീകരണപ്രവർത്തനങ്ങൾ അവതാളത്തിലായത്. പകർച്ചപ്പനി ബാധിച്ച് നിരവധിപേരാണ് കുടുംബാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രിയിലും ചികിത്സ തേടുന്നത്.
വേങ്ങൂർ 14–-ാം വാർഡ് ചൂരമുടിയിൽ മഞ്ഞപ്പിത്തം ഏതാനും പേർക്ക് ബാധിച്ചു. ഇവർ ചികിത്സ തേടിയിരിക്കുകയാണ്. പ്രതിരോധനടപടികൾ തുടങ്ങി. രായമംഗലം പഞ്ചായത്തിലാണ് പകർച്ചപ്പനി വ്യാപകമായി പടർന്നുപിടിക്കുന്നത്.
കുടുംബാരോഗ്യകേന്ദ്രത്തിൽ നിരവധി രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. മഴക്കാലത്തിന് ഒരുമാസംമുമ്പ് തുടങ്ങേണ്ട ശുചീകരണപ്രവർത്തനങ്ങൾ പല പഞ്ചായത്തിലും ഇനിയും തുടങ്ങിയിട്ടില്ല.
അശമന്നൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അസാന്നിധ്യം പ്രതിരോധപ്രവർത്തനങ്ങളും കാനശുചീകരണങ്ങളും അവതാളത്തിലാക്കി. പലയിടത്തും കാനയിൽനിന്ന് ചെളി കോരിയെടുത്ത് കരയിൽ ഇട്ടെങ്കിലും കയറ്റി കൊണ്ടുപോകാത്തതിനാൽ മഴയിൽ വീണ്ടും കാനയിലേക്കുതന്നെ ഒഴുകിവീണ് പഴയ അവസ്ഥയിലെത്തുകയാണ്. റോഡരികിലെ പുല്ല് വെട്ടാത്തതുമൂലം കാട് വളർന്നുനിൽക്കുകയാണ്. കൂവപ്പടിയിൽ പലയിടത്തും വൈദ്യുതിത്തൂണുകളിൽ വള്ളികൾ പടർന്നുനിൽക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്.










0 comments