കാറ്റും മഴയും
വീടുകൾ തകര്‍ന്നു

കാഞ്ഞിരക്കോട് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ നിലയിൽ
സ്വന്തം ലേഖിക
Published on Jun 09, 2026, 12:02 AM | 1 min read
തൃശൂർ
ജില്ലയിൽ തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തു. ഞായര്‍ വൈകിട്ട് പെയ്ത മഴയില്‍ മരം വീണ് കൊടുങ്ങല്ലൂര്‍ കയ്പ്പമംഗലം വില്ലേജില്‍ ഒരുവീട് ഭാഗികമായി തകര്‍ന്നു. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി കാഞ്ഞിരക്കോട് തെങ്ങുവീണ് വീടിന്റെ മേൽക്കൂര തകർന്നു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലന്റെ വീട്ടിലെ ടൈൽസും വൈദ്യുതി ഉപകരണങ്ങളും ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചു. മറ്റത്തൂർ പഞ്ചായത്ത് പരിധിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാല്‍ കോടശേരി മലയ്ക്ക് സമീപം ആറേശ്വരത്തെ ഏഴ് കുടുംബങ്ങളെ മറ്റത്തൂർ ഗവ. എൽപി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മഴശക്തമായതിനെത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അപകട സാധ്യതയുണ്ടായാല്‍ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാം. എരുമപ്പെട്ടി ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരക്കോട് തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായർ രാത്രി 11.30 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണത്. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ പുറകുവശത്ത് നിന്നിരുന്ന വലിയ തെങ്ങ് വേരോടെ പിഴുത് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വീടിന്റെ പിൻവശത്തെ ഷീറ്റ് മേഞ്ഞ ഭാഗം പൂർണമായും തകരുകയും വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്‌തു. അപകടസമയത്ത് കൃഷ്ണറാവുന്റെ മകൻ എരുമപ്പെട്ടി പഞ്ചായത്ത് അംഗം കെ സതീഷ് കുമാറിന്റെ ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങി. അപ്പോഴാണ് തെങ്ങ് കടപുഴകി വീണത്. തുടർന്ന് നാട്ടുകാരെത്തി തെങ്ങിൻതടിയും മറ്റുള്ളവയും മാറ്റി. ശക്തമായ കാറ്റിന് സാധ്യത ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും വെട്ടണം. പൊതുഇടങ്ങളിൽ ഇത്തരം മരങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.









0 comments