ad
Deshabhimani

കടൽ കണ്ടു, കൺതുറക്കാതെ

a

‘കാൺക കടലിനെ കൺതുറക്കാതെ’ റേഡിയോ നാടകം ആസ്വദിക്കാനെത്തിയ ശ്രോതാക്കൾ

വെബ് ഡെസ്ക്

Published on Jun 09, 2026, 12:57 AM | 1 min read

കോഴിക്കോട്‌

റേഡിയോയ്ക്ക്‌ മുന്നിൽ വട്ടംകൂടിയിരുന്ന്‌ നാടകം കേട്ട ഓർമകൾ പഴയ തലമുറയ്ക്ക്‌ ഗൃഹാതുരത്വമാണ്‌. കേട്ടറിഞ്ഞ അക്കാലം പുതുതലമുറ ഇന്ന്‌ അനുഭവിച്ചറിഞ്ഞു. തിക്കോടിയന്റെ ജീവിതം പറയുന്ന ‘കാൺക കടലിനെ കൺതുറക്കാതെ’ റേഡിയോ നാടകം കേൾക്കാനാണ്‌ കോഴിക്കോട്ടെ ശ്രോതാക്കൾ ചാവറ കൾച്ചറ ഹാളിൽ ഒത്തിരുന്നത്‌. റേഡിയോ നാടകങ്ങളുടെ സർഗാത്മകതയും ജനകീയതയും തിരിച്ചുപിടിക്കുന്ന അപൂർവമായ കേൾവിയനുഭവമായിരുന്നു അത്‌. കെ വി ശരത്‌ ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച്‌ കോഴിക്കോട്‌ ആകാശവാണി നിലയം പ്രക്ഷേപണം ചെയ്ത നാടകം വീണ്ടും അവതരിപ്പിച്ചപ്പോൾ പുതിയ അനുഭവമായി ശ്രോതാക്കൾ ഏറ്റെടുത്തു. തിക്കോടിയൻ, ഉറൂബ്‌, കെ രാഘവൻ തുടങ്ങി മൺമറഞ്ഞ പ്രതിഭകൾ നാടകത്തിൽ കഥാപാത്രങ്ങളായി കടന്നെത്തി. എഐ സാങ്കേതികവിദ്യയിലൂടെ അവരുടെ ശബ്ദം കേൾവിക്കാരുടെ കാതുകളിലേക്ക്‌ ഒരിക്കൽക്കൂടിയെത്തി. ആകാശവാണി കോഴിക്കോട്‌ നിലയത്തിലെ സി ബോബിയാണ്‌ മൂന്ന്‌ കഥാപാത്രങ്ങൾക്കും ശബ്ദം പകർന്നത്‌. തിക്കോടിയന്റെ മകൾ എം പുഷ്പകുമാരി തന്റെ കഥാപാത്രത്തിനും ശബ്ദമേകി. വിജയൻ കാരന്തൂർ, ഗംഗാധാരൻ ആയാടത്തിൽ, രാഘവൻ പുറക്കാട്‌, എൽസി മാത്യു, റെനി ശ്രീകുമാർ, കെ റാണി, ദാമോദർ രാധാകൃഷ്ണൻ, കബനി സൈറ, ജോബി മാത്യു, ചന്ദ്രൻ കണ്ടോത്ത്‌, തേജശ്രീ സനൽ, ആർ യു മീര, വിനോദ്‌ കീഴേടത്ത്‌, എൻ ആർ ഷാജി എന്നിവരാണ്‌ മറ്റ്‌ കഥാപാത്രങ്ങൾക്ക്‌ ശബ്ദം പകർന്നത്‌. ആകാശവാണിയുടെ തൊണ്ണൂറാം വാർഷികദിനാഘോഷങ്ങളുടെ സമാപന ദിവസമാണ്‌ നാടകം വീണ്ടും ശ്രോതാക്കളിലെത്തിയത്‌. തുടർന്ന്‌ നടന്ന ചർച്ചയിൽ പുഷ്പജ ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി പി ശ്രീധരനുണ്ണി, സെക്രട്ടറി രാധാകൃഷ്ണൻ, ബാലകൃഷ്ണക്കുറുപ്പ്‌, ഇ സുധാകരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home