വാഹനാപകടങ്ങളിൽ ജില്ലയിൽ 3 മരണം

അപകടത്തിൽ മരിച്ചവർ

സ്വന്തം ലേഖകൻ
Published on Jun 09, 2026, 01:54 AM | 2 min read
ആലപ്പുഴ
പട്ടണത്തിലും പരിസരത്തുമായുണ്ടായ മൂന്ന് വാഹനാപകടങ്ങളിൽ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പഴവീട് മെഡിക്കൽ സെന്ററിന് സമീപം കാര്‍ ഇടിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് 12–ാം വാർഡ് തകിടിവെളിയിൽ സുനിൽകുമാറിന്റെ മകൻ എസ് സുധീഷ് (35), കൈതവന പക്കി ജങ്ഷനിൽ ബൈക്കും കാറും ഇടിച്ചുണ്ടായ അപകടത്തിൽ കൈനകരി ഏലപ്പള്ളിയിൽ ജോമോൻ ജോസഫ് (38), കട്ടക്കുഴി ഡാനിയൽ ജോൺ (39) എന്നിവരാണ് മരിച്ചത്. മാളികമുക്ക് ബൈപാസിന് സമീപം അടിപ്പാതയിൽനിന്ന് വന്ന ബൈക്കും സർവീസ് റോഡിലൂടെവന്ന കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കനാൽ വാർഡ് പുതുവൽ വീട്ടിൽ സീനത്തിന് (54) പരിക്കേറ്റു. തിങ്കള്‍ രാവിലെ 8.30നായിരുന്നു അപകടം. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കൾ പകൽ 3.15നായിരുന്നു പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്ത് അപകടം. റോഡരികിലെ ബജിക്കടയ്‌ക്ക് മുന്നിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സുധീഷിനെ കാർ ഇടിച്ചത്. തിരുവല്ലയിലെ ബന്ധുവീട്ടിൽ ഭാര്യക്കൊപ്പംപോയശേഷം മുഹമ്മയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ഒപ്പമുണ്ടായിരുന്ന ഭാര്യ ബജിക്കടയിലേക്ക് കയറി വാങ്ങി നൽകിയ ചായ സുധീഷ് ബൈക്കിൽ ചാരിനിന്ന് കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കൈതവന ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചത്. ആദ്യം നിര്‍ത്തിയിട്ട ഓട്ടോയിലും പിന്നീട് സ്‍കൂട്ടറിലും ഇടിച്ചശേഷം സുധീഷിനെ ഇടിച്ചുതെറിപ്പിച്ചു. മൺകൂനയും കടന്ന് വൈദ്യുതി പോസ്‌റ്റിലിടിച്ചാണ് കാര്‍ നിന്നത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗർഭിണിയായ യുവതിയുമായി കടപ്പുറം വനിത-ാ ശിശു ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യുവതിയുടെ സഹോദരനാണ് കാർ ഓടിച്ചിരുന്നത്. ഭർത്താവും കൈക്കുഞ്ഞും കാറിലുണ്ടായിരുന്നു. സൗത്ത് പൊലീസ് കേസെടുത്തു. സുജിമോളാണ് (സുജ) സുധീഷിന്റെ ഭാര്യ. മക്കൾ: വരുൺദേവ്, വാമിക. അമ്മ: ജാസ്‍മിൻ. സഹോദരൻ: സുമേഷ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്‌ച പോസ്‌റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൈതവന പക്കി ജങ്ഷനിൽ തിങ്കള്‍ വൈകിട്ട് നാലോടെയുണ്ടായ അപകടത്തിലാണ് കൈനകരി ഏലപ്പള്ളിച്ചിറ വീട് ജോമോൻ ജോസഫ് (38), കട്ടക്കുഴി വീട് ഡാനിയൽ ജോൺ (39) എന്നിവർ മരിച്ചത്. ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ദേഹത്ത് എതിരെ വന്ന കാര്‍ കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരപരിക്കേറ്റ ഇരുവരെയും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ജോമോൻ ജോസഫിന്റെ അച്ഛന്‍: ജോസഫ്. അമ്മ: ആലീസ്. ഭാര്യ: സീന. മക്കൾ: ജിസ്ന, അലീന. റീനയാണ് ഡാനിയൽ ജോണിന്റെ ഭാര്യ. മകൾ: അക്സ. മരുമകൻ: റിജോ ജേക്കബ്.









0 comments