മികവിൽ ഇന്റർവെൻഷണൽ റേഡിയോളജി

ടീം ഇന്റർവെൻഷണൽ റേഡിയോളജി
കോഴിക്കോട്
നൂറി-ലധികം ഫ്ലോ ഡൈവേർട്ടർ ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രവർത്തനമാരംഭിച്ച അഭിമാന പദ്ധതികളിലൊന്നാണ് ഇന്റർവെൻഷണൽ റേഡിയോളജി. തലച്ചോറിലെ രക്തധമനികളെ ബാധിക്കുന്ന ബ്രെയിൻ അന്യൂറിസം രോഗാവസ്ഥക്ക് ഫ്ലോ ഡൈവേർട്ടർ ചികിത്സയിലൂടെ ഇതിനകം നൂറിൽ പരം പേർക്ക് സ്വാന്തനമേകാൻ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കഴിഞ്ഞു. തലച്ചോറിൽ രക്തസ്രാവത്തിനും അതുവഴി പക്ഷാഘാതത്തിനും കാരണമാകുന്ന രോഗാവസ്ഥയാണ് ബ്രെയിൻ അന്യൂറിസം. രക്തക്കുഴലുകളിലെ ബലഹീനത കാരണമുണ്ടാകുന്ന കുമിളകളെയാണ് അന്യൂറിസം എന്ന് പറയുന്നത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഫ്ലോ ഡൈവേർട്ടർ ചികിത്സ നടത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജാണെന്ന് പ്രിൻസിപ്പൽ ഡോ. സജീത്കുമാർ പറഞ്ഞു. 2017ലാണ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾക്ക് മാത്രമായി അഞ്ച് കോടിയോളം രൂപ ചെലവഴിച്ചു. പ്രിൻസിപ്പൽ ഡോ. സജീത്കുമാർ, റേഡിയോളജി വിഭാഗം മേധാവി ഡോ. ജോൺ, ഇന്റർവെൻഷണൽ റേഡിയോളജിസ്‌റ്റ് ഡോ. രാഹുൽ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ബിനു സാജിദ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഷാജു മാത്യു, മെഡിസിൻ വിഭാഗം മേധാവി ഡോ. ഗീത പി എന്നിവരുടെ ഏകോപനത്തിലാണ് അന്യൂറിസം ചികിത്സ നടക്കുന്നത്.










0 comments