ട്രാഫിക് നിർദേശങ്ങൾ ലംഘിച്ച സ്വകാര്യബസുകൾ തടഞ്ഞു

കൂത്താട്ടുകുളം നഗരത്തിലെ ട്രാഫിക് പരിഷ്കരണ നിർദേശങ്ങൾ തെറ്റിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ സിപിഐ എം നേതൃത്വത്തിൽ തടഞ്ഞപ്പോൾ
കൂത്താട്ടുകുളം
നഗരത്തിലെ ട്രാഫിക് പരിഷ്കരണ നിർദേശങ്ങൾ കാറ്റിൽപ്പറത്തി സർവീസ് നടത്തിയ സ്വകാര്യ ബസുകൾ സിപിഐ എം നേതൃത്വത്തിൽ തടഞ്ഞു. വൈക്കം, പാലാ ഭാഗങ്ങളിൽനിന്ന് കൂത്താട്ടുകുളം ടൗണിലേക്ക് എത്തുന്ന ബസുകൾ ടൗൺ ചുറ്റി വേണം സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ.
പിറവം ഭാഗത്തുനിന്ന് കൂത്താട്ടുകുളത്ത് ട്രിപ്പ് അവസാനിപ്പിക്കുന്നവ സെൻട്രൽ കവലവഴി ടൗൺ ചുറ്റി സ്റ്റാൻഡിൽ കയറണമെന്നുമാണ് നിബന്ധന. ഇത് പാലിക്കാതെ പാലാ, കോട്ടയം ബസുകൾ നടപ്പുറം ബൈപാസ് വഴിയും പിറവം ബസുകൾ നേരിട്ടും സ്റ്റാൻഡിലേക്ക് പ്രവേശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
ബസുകളുടെ നിയമലംഘനം കാരണം ഗവ. ആശുപത്രി, ട്രഷറി, പൊലീസ് സ്റ്റേഷൻ, ഹൈസ്കൂൾ, സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് സിപിഐ എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതും നിയമം തെറ്റിച്ചെത്തിയ വാഹനങ്ങൾ തടഞ്ഞതും. നഗരസഭാ അധികൃതർ വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു.
സമരം നഗരസഭാ പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ് അധ്യക്ഷനായി. ഷാജി ജോർജ്, സനൂപ് കൊളംപാടം, ബെൻ തോമസ്, ജോമോൻ കുര്യാക്കോസ്, രജനീഷ് രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.










0 comments