ad
Deshabhimani

തീരപ്രദേശത്ത് 
പ്രത്യേകനിയന്ത്രണം

ട്രോളിങ് നിരോധനത്തിന് മുന്നോടിയായി കടലിൽ നിന്ന് കൊല്ലം അഷ്ടമുടിക്കായൽ തീരത്ത് അടുപ്പിച്ച ബോട്ടുകൾ
വെബ് ഡെസ്ക്

Published on Jun 09, 2026, 01:00 AM | 1 min read

കൊല്ലം

ചൊവ്വ അര്‍ധരാത്രിമുതല്‍ ആരംഭിക്കുന്ന ട്രോളിങ്‌ നിരോധനത്തിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് പ്രത്യേകനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും നിരോധിച്ചു. ഇന്‍ബോര്‍ഡ് എൻജിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിങ്‌ ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. അഷ്ടമുടിക്കായലിന്റെ കിഴക്കന്‍തീരങ്ങളിലും കായല്‍മുഖങ്ങളിലുമുള്ള സ്വകാര്യ ജെട്ടികളിലും വോര്‍ഫുകളിലും യന്ത്രബോട്ടുകള്‍ക്ക് ലാന്‍ഡിങ്‌ സൗകര്യം നല്‍കരുത്. നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28വരെ അടച്ചിടണം. നിരോധനം അവസാനിക്കുന്നതിനു തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ബോട്ടുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇളവ് നല്‍കും. മുന്‍കൂര്‍ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് പമ്പ് ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്. യന്ത്ര ബോട്ടുകള്‍ക്ക് അനധികൃതമായി ഇന്ധനം വിതരണംചെയ്യുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ബോട്ടുകള്‍ നിരോധനം ആരംഭിക്കുന്നതിനു മുമ്പ് കൊല്ലം തീരം വിട്ടുപോകണം. തീരദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ സബ് കലക്ടറുടെ ഏകോപനത്തില്‍ പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ ചുമതലപ്പെടുത്തി. കൊല്ലം, കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ അതത് പരിധികളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരായി പ്രവര്‍ത്തിക്കും. അടിയന്തരസാഹചര്യങ്ങളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പൊലീസ് കമീഷണര്‍മാരും സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് കലക്ടര്‍ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home