ad
Deshabhimani

താരം "മെസി'യാണ്‌

ഐഥിന്‍ മെസി
avatar
കെ ജെ ലിജോ

Published on Jun 09, 2026, 12:06 AM | 1 min read


ചാലക്കുടി

ലോകകപ്പിൽ സാക്ഷാൽ ലയണൽ മെസി പന്ത്‌ തട്ടാനൊരുങ്ങുമ്പോൾ ഇവിടെയുമുണ്ടൊരു മെസി. ചാലക്കുടിക്കാരനായ മെസ്സിക്കിപ്പോള്‍ മൂന്നര വയസ്സാണ്‌. ലോകകപ്പിന്റെ ഫുട്‌ബോള്‍ ആരവമുയരുമ്പോള്‍ ഐഥിന്‍ മെസി ചാലക്കുടിയില്‍ താരമാവുകയാണ്. ഫുട്‌ബോള്‍ തട്ടിക്കളിച്ചും മെസിയെ അനുകരിച്ചും കുഞ്ഞു മെസി നാട്ടുകാരുടെ മനസ്സില്‍ ഇടംനേടിക്കഴിഞ്ഞു. 2022ല്‍ ഖത്തറില്‍ ലോകകപ്പ് നടന്നപ്പോഴാണ്‌ വെസ്റ്റ് ചാലക്കുടി കല്ലൂപറമ്പില്‍ ഷനീര്‍ സ്വന്തം മകന്‌ മെസി എന്ന പേരിട്ടത്‌. മെസിയുടെ കടുത്ത ആരാധകനായ ഷനീർ മറ്റൊരു പേരിനെക്കുറിച്ച്‌ ആലോചിച്ചുപോലുമില്ല. ഭാര്യ ഫാത്തിമ ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ ആണ്‍കുട്ടിയായാല്‍ മെസിയുടെ പേരിടണമെന്ന ആഗ്രഹം ഷനീര്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹത്തിന് അര്‍ജന്റീന ആരാധികകൂടിയായ ഫാത്തിമ പച്ചക്കൊടി കാട്ടി. 2022 നവംബര്‍ 22ന് സൗദിയുമായുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരം നടന്ന ദിവസം പേരിടല്‍ ചടങ്ങ് നടന്നു. ചടങ്ങിന് വേദിയായത് ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് മത്സരത്തിന്റെ പ്രദര്‍ശനം നടന്ന ചാലക്കുടി നഗരസഭാ ഇൻഡോര്‍ സ്റ്റേഡിയത്തിലും. നഗരസഭയുടെ നേതൃത്വത്തില്‍ പേരിടല്‍ ചടങ്ങ് ആഘോഷമാക്കുകയും ചെയ്തിരുന്നു. മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സിയണിയിച്ചാണ് ഷനീര്‍- – ഫാത്തിമ ദമ്പതികള്‍ കുട്ടിമെസിയെ ഒരുക്കിക്കൊണ്ടുവന്നത്. സൗദിക്കെതിരെ മെസി ആദ്യ ഗോളടിച്ചതിനു ശേഷമുള്ള ഇടവേള സമയത്ത് അര്‍ജന്റീന ജേഴ്‌സിയുടെ നിറത്തിലുള്ള കേക്ക് മുറിച്ച് മധുരം വിതരണം ചെയ്ത് പേരിടല്‍ ചടങ്ങ് നടത്തി. മകന് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതോടൊപ്പം നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാക്കണമെന്നാണ് ഷനീറിന്റെ ആഗ്രഹം. അങ്കണവാടി വിദ്യാര്‍ഥിയായ കുട്ടിമെസി ഷനീറിന്റെ പരിശീലനത്തില്‍ പന്ത് തട്ടിക്കളിക്കുന്നുണ്ട്. നഗരസഭാ ഇൻഡോര്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് പ്രദര്‍ശനം നടക്കുമ്പോള്‍ മെസിയുടെ കളികാണാനായി ഷനീറിനൊപ്പം ഇത്തവണ കുട്ടിമെസിയുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home