യാത്രക്കാർ ദുരിതത്തിൽ
തിരുവാണിയൂർ–-വെട്ടിക്കൽ റോഡ് തകർന്നു

കോലഞ്ചേരി
വെട്ടിക്കൽ–-തിരുവാണിയൂർ റോഡിനോടുള്ള പൊതുമരാമത്ത് വകുപ്പിന്റെ അവഗണനയിൽ യാത്രക്കാരും നാട്ടുകാരും തീരാദുരിതത്തിൽ. കാലവർഷം തുടങ്ങിയതോടെ റോഡ് മുഴുവൻ കുഴിയും നിറഞ്ഞുകിടക്കുന്ന ചെളിയും മൂലം യാത്രക്കാർ കഷ്‌ടപ്പെടുകയാണ്. കാൽനടക്കാരും ബൈക്ക് യാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുഴിയിൽ വീഴാതെയും ചെളി തെറിക്കാതെയും റോഡിലൂടെ പോകാനാകില്ല.
ഒഇഎൻ, ആംഫിനോൾ കമ്പനികളിലെ ജീവനക്കാരടക്കം ദിവസേന ആയിരക്കണക്കിനുപേർ യാത്രചെയ്യുന്ന പ്രധാന റോഡാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. നവീകരണത്തിന്റെ പേരിൽ ആരംഭിച്ച റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം അനന്തമായി നീളുകയാണ്.
വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടും നിർമാണം വേഗത്തിലാക്കാനോ പ്രശ്നം പരിഹരിക്കാനോ പൊതുമരാമത്ത് അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ റോഡിലെ കലുങ്കുകൾ പുതുക്കി പണിയാൻ ആരംഭിച്ചപ്പോൾ തുടങ്ങിയ ദുരിതമാണ് ഇന്നും തുടരുന്നത്. നിർമാണത്തിനു തുടക്കം മുതലേ വേഗത ഉണ്ടായിരുന്നില്ല.
കുന്നത്തുനാട്–-പിറവം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിരുന്നിട്ടും കലുങ്ക് നിർമാണത്തിനായി രണ്ടര മാസത്തോളമാണ് എടുത്തത്. കലുങ്കുകൾ പൂർത്തിയായതോടെ ഉടൻ ടാറിങ് ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് ഏറെനാളായി നിലച്ചുകിടന്ന നിർമാണം പുനരാരംഭിച്ചത്. തിരുവാണിയൂർ കൊച്ചങ്ങാടിയിൽ കാനനിർമാണവും റോഡിൽ വിവിധ ഭാഗങ്ങളിൽ പഴയ ടാറിങ് ഇളക്കി മെറ്റലിങ് ജോലികളും വാട്ടർ റോളിങ്ങും നടത്തിയ കരാറുകാരനെ പിന്നെ കണ്ടിട്ടില്ല. മഴ തുടങ്ങിയതോടെ നാലരകിലോമീറ്ററോളം ദൂരമുള്ള റോഡിൽ ചെറുതും വലുതുമായ നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടത്.
നിർമാണം ആരംഭിച്ചപ്പോൾ മുതൽ ചെറുതും വലുതുമായി അപകടങ്ങളും റോഡിൽ പതിവായിരുന്നു. റോഡാകെ കുഴിയും ചെളിയും നിറഞ്ഞതോടെ വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം ശക്തമാണ്.









0 comments