മൂന്നാംഘട്ട നവീകരണം പൂർത്തിയായി
ആധുനിക നിലവാരത്തിൽ വടാട്ടുപാറ റോഡ്

വടാട്ടുപാറ റോഡിന്റെ കീരംപാറമുതൽ ഭൂതത്താൻകെട്ടുവരെയുള്ള ഭാഗം ആധുനികനിലവാരത്തിൽ നവീകരിച്ചപ്പോൾ
കോതമംഗലം
വടാട്ടുപാറ റോഡിന്റെ മൂന്നാംഘട്ട നവീകരണം പൂർത്തിയായി. കീരംപാറമുതൽ ഭൂതത്താൻകെട്ട് വരെയുള്ള ഭാഗം അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്.
4.5 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് അഞ്ചുമീറ്റർ വീതിയിൽനിന്ന് ഏഴുമീറ്റർ വീതിയാക്കി ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നവീകരണം. മറ്റ് സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോതമംഗലംമുതൽ (പെരുമ്പൻകുത്ത് റോഡ്) കീരംപാറവരെ ആറുകിലോമീറ്റർ ആറുകോടി രൂപ ചെലവിട്ടും കോതമംഗലം-–വടാട്ടുപാറ റോഡിന്റെ അവസാന റീച്ചിൽ ഭൂതത്താൻകെട്ടുമുതൽ വടാട്ടുപാറ പലവൻപടി വരെയുള്ള 10.5 കിലോമീറ്റർ റോഡ് അഞ്ചുകോടി രൂപ ചെലവിലും നവീകരിച്ചിരുന്നു. ഭൂതത്താൻകെട്ടുമുതൽ വനമേഖല വരുന്ന പ്രദേശത്ത് ടാറിങ്ങിനുപുറമേ ഇരുവശവും കോൺക്രീറ്റ് ചെയ്ത് വീതിയും വർധിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് മൂന്നാംഘട്ട നവീകരണം. കോതമംഗലംമുതൽ വടാട്ടുപാറവരെ 21 കിലോമീറ്റർ റോഡാണ് മൂന്നുഘട്ടങ്ങളിലായി 16 കോടി രൂപ ചെലവിട്ട് ആധുനിക നിലവാരത്തിലാക്കിയത്.
ഭൂതത്താൻകെട്ട്, വടാട്ടുപാറ, ഇടമലയാർ അടക്കമുള്ള ടൂറിസം മേഖലയിലേക്കുള്ള പ്രധാന യാത്രാമാർഗംകൂടിയാണ് ഇൗ റോഡ്. ഇടമലയാർ താളുംകണ്ടം ആദിവാസി ഉന്നതിയിലേക്കും പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പൊങ്ങിൻചുവട് ആദിവാസി ഉന്നതിയിലേക്കുമുള്ള ഏക യാത്രാമാർഗവും ഇതാണ്. കോതമംഗലംമുതൽ വടാട്ടുപാറവരെയുള്ള റോഡിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സാധ്യമായതെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു.










0 comments