ad
Deshabhimani

അരങ്ങിനെ കലാപവേദിയാക്കി

unni punithura

മാക്‌ബത്ത്‌ നാടകത്തിൽ ഉണ്ണി പൂണിത്തുറ (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 02:06 AM | 1 min read

കൊച്ചി


അരങ്ങിൽനിന്നകന്നൊരു ജീവിതമില്ലായിരുന്നു ഉണ്ണി പൂണിത്തുറക്ക്‌. നാലുപതിറ്റാണ്ട്‌ നീണ്ട നാടകയാത്രയിൽ ഉണ്ടും ഉറങ്ങിയതുമെല്ലാം അരങ്ങിനൊപ്പം, ശ്വസിച്ചതുപോലും. കീഴാളപക്ഷ രാഷ്‌ട്രീയം മുഖമെഴുത്താക്കിയ രംഗപാഠങ്ങളുടെ പ്രഹരശേഷിയിലായിരുന്നു വിശ്വാസം. ലക്ഷ്യവേധിയായി അതിനെ ആസ്വാദക ഹൃദയങ്ങളിലേക്ക്‌ തൊടുക്കുന്നതായിരുന്നു ശൈലി. സംവിധായകനും രചയിതാവും നടനുമൊക്കെയായി അരങ്ങ്‌ നിറഞ്ഞപ്പോഴെല്ലാം സ്വന്തം നാടകഭാഷയെ കൃത്യമായ രാഷ്‌ട്രീയാഭിമുഖ്യത്തോടെ ആധുനികവും നവീനവുമായി നിലനിർത്താൻ ഉണ്ണി പൂണിത്തുറയ്‌ക്കായിരുന്നു. ​


നാടകപ്രവർത്തനത്തിൽ അക്കാദമിക്‌ പശ്ചാത്തലമൊന്നുമില്ലായിരുന്നു. അരങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്‌ നയിച്ചത്‌. കുട്ടികൾക്കുവേണ്ടി 1987ൽ ടി എം എബ്രഹാമിന്റെ ‘നമുക്ക്‌ നഷ്‌ടപ്പെട്ട ചിറകുകൾ’ സംവിധാനം ചെയ്‌താണ്‌ രംഗപ്രവേശം. തുടർന്ന്‌ അരങ്ങിനെ ആഴത്തിലറിയാൻ വിഖ്യാത നാടകകാരൻ ജോസ്‌ ചിറമ്മലിന്റെ റൂട്‌സിൽ. അവിടെനിന്ന്‌ രൂപപ്പെടുത്തിയ നാടകഭാഷയുടെ കരുത്ത്‌ പിന്നീട്‌ കേരളത്തിലങ്ങോളമിങ്ങോളം വേദികളെ ത്രസിപ്പിച്ചു.


പി എം താജിന്റെ ‘രാവുണ്ണി’, വി കെ പ്രഭാകരന്റെ ‘കൊറ’ എന്നിവ ആദ്യകാല നാടകങ്ങൾ. തിരുവിതാംകൂറിന്റെ ചരിത്രത്തെ സവിശേഷ രംഗാവതരണത്തിലൂടെ ശക്തമായ ആക്ഷേപഹാസ്യമാക്കിയ ‘ചെന്പകരാമൻ’ , ബാബറി മസ്‌ജിദ്‌ തകർക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആക്രമണോത്സുക ഹിന്ദുത്വരാഷ്‌ട്രീയത്തെ തുറന്നുകാട്ടിയ ‘രാത്രി’, മഹാശ്വേതാദേവിയുടെ രുദാലിക്ക്‌ സ്വയം ചമച്ച രംഗപാഠം ‘കണ്ണാക്ക്‌ മുത്തി’, ബഷീറിന്റെ കഥാപ്രപഞ്ചത്തിന്‌ വേറിട്ട ആസ്വാദനമൊരുക്കിയ ‘ഇമ്മിണി ബല്യ ഒന്ന്‌’ തുടങ്ങിയ അവതരണങ്ങൾ ഏറെശ്രദ്ധ നേടി. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ‘കൊമാല’, മഞ്ജുള പത്മനാഭന്റെ ‘സ്‌കിറ്റൻ’, എ ശാന്തകുമാറിന്റെ ‘കൂവാഗം’ എന്നിവയും സവിശേഷ നാടകസമീപനമായി. ഡോ. ചന്ദ്രദാസൻ സംവിധാനംചെയ്‌ത ഷേക്‌സ്‌പിയർ നാടകത്തിൽ ഉണ്ണി അവതരിപ്പിച്ച മാക്‌ബത്ത്‌ ഏറെ പ്രശംസ നേടിയ വേഷമായിരുന്നു.


അരങ്ങിനെ കലാപവേദിയാക്കുന്പോഴും നാടകമെന്ന കലാരൂപത്തോട്‌ അങ്ങേയറ്റം സത്യസന്ധത പുലർത്താൻ ഉണ്ണി പൂണിത്തുറ ശ്രദ്ധിച്ചിരുന്നു. തെരഞ്ഞെടുപ്പുകാലത്തെല്ലാം പ്രചാരണോപാധിയായി ചിട്ടപ്പെടുത്തിയിട്ടുള്ള തെരുവുനാടകങ്ങൾപോലും അതിന്‌ അപവാദമല്ല. ഉണ്ണിയുടെ നാടകക്കളരിയിൽനിന്ന്‌ ഉയരങ്ങളിലേക്ക്‌ വളർന്ന നടീനടന്മാരും നാടകപ്രവർത്തകരും ഏറെ. എന്നാൽ, അടിമുടി നാടകക്കാരനായി അവസാന ശ്വാസംവരെ ജീവിച്ച ഉണ്ണി പൂണിത്തുറയ്‌ക്ക്‌ അർഹിക്കുന്ന അംഗീകാരം ലഭിച്ചോ എന്ന ചോദ്യം അദ്ദേഹത്തിന്റെ വിയോഗം സൃഷ്‌ടിച്ച ശൂന്യതയ്‌ക്കൊപ്പം ബാക്കിയാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home