ad
Deshabhimani

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു; ബിജെപി വഴിയെ കോണ്‍ഗ്രസും

വന്ദേമാതരം
വെബ് ഡെസ്ക്

Published on Aug 15, 2026, 11:13 AM | 1 min read

ന്യൂഡൽഹി : വന്ദേമാതരാലാപനത്തില്‍ ബിജെപിക്ക് വിധേയപ്പെട്ട് കോണ്‍ഗ്രസും. ബിജെപി നയിക്കുന്ന വഴിയെ തന്നെയാണ് കോണ്‍ഗ്രസും പോകുന്നതെന്ന് വീണ്ടും തെളിയിക്കുന്നതാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ച സംഭവം.

രാജ്യത്ത് വന്ദേമാതര വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് ഗാനം മുഴുവനായി പാടിയിരിക്കുന്നത്. വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്നുള്ള ചീഫ് സെക്രട്ടറി ബിശ്വാനാഥ് സിന്‍ഹയുടെ കത്ത് ലോക്ഭവന്‍ തള്ളിയതും, ആര്‍എസ്എസിന്‍റെ അജണ്ട ശിരസാവഹിച്ചുകൊണ്ട് അത് നടപ്പാക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ തയ്യാറെടുത്തതും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സംഭവത്തില്‍ അന്ന് എതിര്‍പ്പറിയിച്ച എഐസിസിയാണ് ഇപ്പോള്‍ സ്വാതന്ത്ര്യദിനത്തില്‍ ഗാനം മുഴുവനായും പാടിയിരിക്കുന്നത്. കേരളത്തില്‍ വന്ദേമാതരം ആലപിച്ചതുമില്ല.

വന്ദേമാതരത്തെ അപമാനിച്ചാൽ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കമുള്ള ബില്ലുകൾ പാർലമെന്റിൽ കേന്ദ്രം അവതരിപ്പിച്ചപ്പോൾ എതിര്‍പ്പറിയിച്ച കോൺ​ഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് തന്നെ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിച്ചിരിക്കുകയാണ്.
എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായകസംഘമാണ് വന്ദേമാതരം മുഴുവനായും പാടിയത്. രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് സ്വാതന്ത്ര്യദിനത്തിൽ എല്ലാ വർഷവും എഐസിസി ആസ്ഥാനത്ത് പാടാറുള്ളത്. എന്നാല്‍, ഇത്തവണ രണ്ട് ഖണ്ഡങ്ങൾ കഴിഞ്ഞിട്ടും നിർത്താത്ത സാഹചര്യമാണുണ്ടായത്. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും തെലങ്കാനയിലും കര്‍ണാടകയിലും വന്ദേമാതരം പൂർണമായി ആലപിച്ചു. കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതാരം പൂര്‍ണമായി ആലപിച്ചിരുന്നു.

വന്ദേമാതരാലാപനത്തിലൂടെ ബിജെപി - കോണ്‍ഗ്രസ് ഡില്‍ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലത്ത്, പ്രത്യേകിച്ചും 1937 ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം ഔദ്യോഗിക ദേശീയ സമ്മേളനങ്ങളിൽ ആലപിക്കാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ മതേതര സ്വഭാവവും വിവിധ സമൂഹങ്ങളുടെ പ്രാതിനിധ്യവും മുൻനിർത്തി ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്നുള്ള ഭാഗങ്ങളിലെ സവിശേഷ പരാമർശങ്ങൾ ഒഴിവാക്കി, മാതൃരാജ്യത്തിന്റെ ഭംഗിയെ മാത്രം പ്രകീർത്തിക്കുന്ന ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം ആലപിക്കാനായിരുന്നു തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home