എന്ത് ചെയ്താലും ഹിറ്റടിക്കുന്ന CR7; പുതിയ ഗോൾഡൻ ലുക്കും വൈറൽ

സ്വർണമുടിയിഴകളുമായി കളിക്കളത്തിലേക്കിറങ്ങിയ ഒരു 41കാരന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആള് ചില്ലറക്കാരനല്ലകേട്ടോ, എന്ത് ചെയ്താലും ലോക ശ്രദ്ധ നേടുന്ന ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് താരം. കുറച്ചുകാലമായി തന്റെ ബ്രൗൺ ഹെയർ ലുക്ക് ആയിരുന്നു റൊണാൾഡോയിക്ക്. അതൊന്ന് മാറ്റിപ്പിടിച്ചതാണ് സജീവ ചർച്ചകൾക്ക് കാരണം.
കഴിഞ്ഞ ദിവസമായിരുന്നു റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസുമായുള്ള വിവാഹം. ശേഷം ചെമ്പ് നിറഞ്ഞ ഗോൾഡൻ മുടിയിഴകളിൽ പ്രത്യക്ഷപ്പെട്ട റൊണാൾഡോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുതിയ ലുക്ക് ഗംഭീരമെന്നാണ് കമന്റുകൾ. 2026-27 സൗദി പ്രോ ലീഗ് കാമ്പെയ്‌നിന്റെ ആദ്യ റൗണ്ടുകൾക്കായി ക്ലബ് തയ്യാറെടുക്കുന്നതിനിടെ വ്യാഴാഴ്ച അൽ നാസറിൽ പരിശീലന ക്യാമ്പിൽ തിരിച്ചെത്തിയപ്പോഴാണ് ആരാധകർ റോണാൾഡോയുടെ പുതിയ മാറ്റം ശ്രദ്ധിക്കുന്നത്.
എന്നാൽ ആദ്യമായല്ല റൊണാൾഡോ പലതരം ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നത്. അത് അയാളുടെ കാൽപ്പന്തിന്റെ അടയാളങ്ങൾപോലെ ഓരോ മത്സരങ്ങളുടെ ഓർമകളുമായി ആ ഹെയർ സ്റ്റൈലുകൾ ഇഴുകിച്ചേർന്നിരിക്കുന്നു. പണ്ട് കൗമാരക്കാരനായ റൊണാൾഡോ കാൽപ്പന്ത് ആരാധകരുടെ നെഞ്ചിലേക്ക് ഗോളുകൾ പായിച്ച് കടന്നുവന്നത് ഒരു ന്യൂഡിൽ ഹെയർസ്റ്റൈലുമായിരുന്നു. കൗമാരക്കാരനിൽ നിന്ന് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശമായ സിആർ 7 ലേക്കുള്ള അയാളുടെ യാത്രയിൽ അങ്ങനെ എത്രയെത്ര ഓർമകൾ. അയാളുടെ കരിയറിലെ ഏറ്റവും ശക്തമായ തന്ത്രങ്ങളും നീക്കങ്ങളും പ്രയോഗിച്ച വിങ്ങർ കാലഘട്ടമായിരുന്നു ആ ചുരുളൻ മുടിക്കാലം.
എന്നാൽ റയലിലേക്കെത്തിയപ്പോൾ റോളിനൊപ്പം ഹെയർ സ്റ്റൈലും മാറി. വിങ്ങിൽ നിന്നും സ്ട്രൈക്കർ റോളിലേക്ക് മാറിയപ്പോൾ റയലിന്റെ മികച്ച സ്ട്രൈക്കർക്ക് പുതിയ ലുക്കായിരുന്നു. റൊണാൾഡോ ഒരു ബ്രാൻഡ് ആയി മാറുന്നത് അക്കാലത്താണ്. ഇരുവശങ്ങളിലും കൃത്യമായ ഫേഡും മുകളിൽ ജെൽ ഉപയോഗിച്ച് ഒതുക്കിവച്ച നീളമുള്ള മുടിയുമായിരുന്നു റയലിന്റെ ആദ്യ കാലങ്ങളിൽ അദ്ദേഹത്തിന്റെ സ്റ്റൈൽ. വിഖ്യാതമായ കമാ സെലിബ്രേഷൻ എല്ലാം ഈ സ്റ്റൈലിലാണ് പിറക്കുന്നത്. 2014 ലോകകപ്പിന് റോണോ വന്നത് വലതുവശത്ത് ഇസഡ് ആകൃതിയിൽ വരച്ച സിഗ്‌സാഗ് റേസർ ലൈനോടെയുള്ള വ്യത്യസ്തമായ ഹെയർസ്റ്റൈലുമായിട്ടാണ്. പിന്നീട് റയലിൽ തന്നെ മുടിയുടെ അറ്റങ്ങളിൽ സ്വർണ്ണ നിറത്തിലുള്ള ബ്ലോണ്ട് ഹൈലൈറ്റുകൾ നൽകിയ മറ്റൊരു നൂഡിൽ ലുക്കും നമ്മൾ കണ്ടു. അത്‌ലറ്റികോ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടിയിരുന്ന ആ മത്സരത്തിലും ഈ ലുക്കിലായിരുന്നു താരം.
തുടർന്ന് 2018 ലോകകപ്പിലേക്ക് റൊണാൾഡോ എത്തിയത് റഫ് ലുക്ക് എന്ന് പറയാവുന്ന ക്ലീൻ ആർമി ആൻഡ് ബാസ്കറ്റ് ലുക്കിലാണ്. പിന്നീട് യുവന്റസിലേക്ക് മാറിയശേഷവും നിരവധി സ്റ്റൈലുകൾ അദ്ദേഹം പരീക്ഷിച്ചു. അതിൽ ഏറ്റവും വൈറലായത് തലയ്ക്കു മുകൾഭാഗത്ത് നീളമുള്ള മുടി ഒരു ചെറിയ പോണിടെയിലായി കെട്ടിവെച്ച ലുക്കായിരുന്നു. അങ്ങനെ റൊണാൾഡോയുടെ കരിയറിലുടനീളം പല റോളുകളിൽ, പല ലുക്കുകളിൽ അയാൾ കളിക്കളത്തിൽ വിസ്മയം തീർത്തു. കാലം എത്ര കഴിഞ്ഞാലും, രൂപവും ഭാവവും ഒക്കെ മാറിയാലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിൽ എന്നും ആവേശമായി അയാൾ! ആ പ്രിയപ്പെട്ട റോണോയായി തന്നെ തുടരുന്നു.









0 comments