ad
Deshabhimani

ചൈനീസ് ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതി

ആന്റി-ഡംപിംഗ് ഡ്യൂട്ടി ഉടൻ നടപ്പാക്കണം; ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി

john britas
വെബ് ഡെസ്ക്

Published on Aug 15, 2026, 10:51 AM | 2 min read

ന്യൂഡൽഹി: ചൈനീസ് ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതിക്ക് ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസി(ഡിജിടിആർ)ന്റെ ശുപാർശ അം​ഗീകരിച്ച് ഉടനടി കസ്റ്റംസ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. കർത്തവ്യഭവനിലുള്ള ധനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഇന്ന് കൂടിക്കാഴ്ച നടന്നത്. എത്രയും വേഗം അനുകൂല തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി ഉറപ്പ് നൽകി.


ഡിജിടിആർ 2024ൽ അന്വേഷണം നടത്തി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 2025ൽ ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്താൻ കേന്ദ്ര ധനമന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. വിഷയം വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു. തുടർന്ന് വിഷയം വീണ്ടും പരിശോധിച്ച ഡിജിടിആർ, ചൈനയിൽ നിന്നുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഇന്ത്യയിലേക്ക് വൻതോതിൽ കൃത്രിമമായി വിലകുറച്ച് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ടെന്നും അത് ആഭ്യന്തര വ്യവസായത്തിന് കടുത്ത ആഘാതമുണ്ടാക്കുന്നതായും വീണ്ടും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആ​ഗസ്ത് 3ന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അഞ്ചു വർഷത്തേക്ക് നിശ്ചിത ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്താനാണ് ഡിജിടിആർ ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തിരിക്കുന്നത്. ഇക്കാര്യം ജോൺ ബ്രിട്ടാസ് എം പി ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.


ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്തുന്നത് നീണ്ടുപോകുന്നത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (ടിടിപിഎൽ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) എന്നിവയുൾപ്പെടെയുള്ള തദ്ദേശീയ വ്യവസായ സ്ഥാപനങ്ങൾക്ക് കടുത്ത പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ജൂൺ മുതൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിന് ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദനം നിർത്തിവെക്കേണ്ടി വന്നു എന്ന വിഷയവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.


2020-21ലെ ചൈനീസ് ഇറക്കുമതി 1,46,998 മെട്രിക് ടണ്ണായിരുന്നു. 2022 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെ 2,26,869 മെട്രിക് ടണ്ണായി (54%) വർധിച്ചുവെന്നാണ് ഡിജിടിആറിന്റെ പുതിയ കണ്ടെത്തൽ. അതോടൊപ്പം ഇന്ത്യൻ വിപണിയിലെ ഇവയുടെ വിഹിതം 43.1ശതമാനത്തിൽ നിന്ന് 57.2 ശതമാനമായി ഉയർന്നു.


ധനമന്ത്രാലയം കസ്റ്റംസ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ശുപാർശ ചെയ്ത നികുതി പ്രാബല്യത്തിൽ വരികയുള്ളൂ. അതിനാൽ വിഷയം ഇപ്പോൾ നിർണായക ഘട്ടത്തിലാണെന്നും ഡോ. ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. ആഭ്യന്തര ഉൽപ്പാദന ശേഷി സംരക്ഷിക്കുകയും ടിടിപിഎൽ, കെഎംഎംഎൽ എന്നിവയുടെ അവസ്ഥ കൂടുതൽ വഷളാകുന്നത് തടയുകയും വേണം. അതിനായി വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അദ്ദേഹം ധനമന്ത്രിയോട് അഭ്യർഥിച്ചു. ഇത് സംബന്ധിച്ച വിശദമായ നിവേദനവും ജോൺ ബ്രിട്ടാസ് മന്ത്രിക്ക് കൈമാറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home