സമരം 22-ാം ദിവസത്തിലേയ്ക്ക്; ജാർഖണ്ഡിൽ സ്വാതന്ത്ര്യ ദിനത്തിൽ 'തിരംഗ പദയാത്ര'യുമായി വിദ്യാർഥികൾ

റാഞ്ചി: ജാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തി വരുന്ന പ്രതിഷേധം 21 ദിവസം പിന്നിടുന്നു. രാജ്യം ഒന്നടങ്കം ആഘോഷിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ തിരംഗ പദയാത്ര ഏറ്റെടുത്ത് സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. ദേശീയ പതാകയേന്തിയാണ് വിദ്യാർഥികൾ മാർച്ചിന് ഒരുങ്ങുന്നത്. വിവിധ വിദ്യാർഥി സംഘനകളും പ്രതിഷേധ മാർച്ചിന്റെ ഭാഗമാകും.
സംസ്ഥാനത്തെ 24 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പദയാത്രയിൽ പങ്കെടുക്കുമെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ ഇത് സർക്കാർ നിരസിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുൻപോട്ടു പോകുമെന്നാണ് വിദ്യാർഥികളുടെ നിലപാട്.
14-ാമത് ജെപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിൽ വലിയ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് സമരം ആരംഭിച്ചത്. ക്രമക്കേട് ആരോപിക്കപ്പെട്ട പരീക്ഷകൾ റദ്ദാക്കണമെന്നും പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും സർക്കാർ തള്ളിയിരുന്നു.
വിദ്യാർഥി സമരം കടുത്തതോടെ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ മൂന്ന് അംഗങ്ങൾ രാജിവെച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ വിദ്യാർഥികളുടെ സമരവും മുൻപോട്ടു പോവുകയാണ്. ഇതിന്‍റെ ഭാഗമായാണ് തിരംഗ പദയാത്രയുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിരിക്കുന്നത്. പദയാത്ര പൂർണമായും സമാധാനപരമായിരിക്കുമെന്നും സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുന്നതിനുള്ള ജനാധിപത്യപരമായ മാർഗമാണെന്നും സംഘാടകർ അറിയിച്ചു.









0 comments