‘ഉണർവ്’ പകർന്നത് ഒരുലക്ഷം പേർക്ക്

ഇടപ്പള്ളി സെന്റ് ജോർജ് യുപി സ്‌കൂളിൽ ‘ഓപ്പറേഷൻ ഉണർവ്’ പദ്ധതിയുടെ ഭാഗമായി നടന്ന സെമിനാർ

ശ്രീരാജ് ഓണക്കൂർ
Published on Mar 24, 2025, 02:30 AM | 1 min read
കൊച്ചി
കൊച്ചി സിറ്റി പൊലീസിന്റെ ‘ഓപ്പറേഷൻ ഉണർവ്’ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ സന്ദേശമെത്തിയത് ഒരുലക്ഷത്തിലധികം പേരിലേക്ക്. സ്‌കൂൾവിദ്യാർഥികൾക്ക് ബോധവൽക്കരണമായി ആരംഭിച്ച പദ്ധതി ഒരുവർഷവും മൂന്നുമാസവും പിന്നിട്ടു.
2023 ഡിസംബറിലാണ് മുൻ ഡിസിപി കെ എസ് സുദർശന്റെ നേതൃത്വത്തിൽ പദ്ധതിക്ക് രൂപംനൽകിയത്. 2024 ജനുവരി 29 മുതൽ സ്‌കൂൾവിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി തുടക്കമിട്ടു. യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ഒന്നരമണിക്കൂർ ക്ലാസാണ് ‘ഉണർവി’ലൂടെ നൽകിയത്. ലഹരിക്കെതിരെ തയ്യാറാക്കിയ ‘ഉണർവ്’ ഹ്രസ്വചിത്രവും പ്രദർശിപ്പിക്കും. നടൻ ടിനി ടോമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. അധ്യാപകരുടെയും പിടിഎ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ക്ലാസുകൾ.
തുടർന്ന് കോളേജുകൾക്കും റസിഡന്റ്‌സ് അസോസിയേഷനുകൾക്കും ആരാധനാലയങ്ങൾക്കുമായി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു. വിദഗ്‌ധപരിശീലനം നേടിയ എട്ട് പൊലീസുകാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഉണർവിന്റെ എട്ടംഗസംഘം 2024ൽമാത്രം 376 ലഹരിവിരുദ്ധ സെമിനാറുകൾ സംഘടിപ്പിച്ചു. 20,100 പേർക്കായി ബോധവൽക്കരണം നടത്തി. ഈ വർഷം ശനിവരെയുള്ള കണക്കുകൾപ്രകാരം നഗരത്തിൽ 64 സെമിനാറുകളിൽ 9638 പേർ പങ്കെടുത്തു. ഇതിനുപുറമേ നഗരത്തിലെ പൊലീസ് സ്‌റ്റേഷനുകളും ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടുകുതിക്കുന്നത്.










0 comments