ഇടപെടാതെ യുഡിഎഫ് സര്‍ക്കാര്‍
തീവില


സ്വന്തം ലേഖകൻ
Published on Aug 03, 2026, 12:37 AM | 1 min read
കൊച്ചി
അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്പോഴും വിപണിയിൽ ഇടപെടാതെ യുഡിഎഫ് സർക്കാർ. ഇതോടെ ഇക്കുറി ഓണാഘോഷം നിറംകെടുമെന്ന് ഉറപ്പായി. അനിയന്ത്രിതമായ വിലക്കയറ്റത്താൽ പൊറുതിമുട്ടുകയാണ് ജനം. അടുക്കള ബജറ്റിനെ താളംതെറ്റിച്ച് പച്ചക്കറികൾക്കും നിത്യോപയോഗ സാധനങ്ങൾക്കും ദിവസേന വില ഉയരുന്നു. എന്നിട്ടും സർക്കാരിന് അനക്കമില്ല.
വിപണിയിലെത്തുന്ന സാധാരണക്കാരന് ഒട്ടും ആശ്വാസകരമല്ല നിലവിലെ വിലനിലവാരം. അരിയുടെയും സദ്യവട്ടത്തിന് ആവശ്യമായ പച്ചക്കറികളുടെയും വിലയാണ് ആകാശംമുട്ടുന്നത്.
എല്ലാത്തരം അരിക്കും ആറുമുതല്‍ 10 രൂപവരെ വര്‍ധിച്ചു. പൊന്നിയുടെയും വടിമട്ട അരിയുടെയും വില 60 രൂപയിലെത്തി. ജയ അരിക്കും ഉണ്ടമട്ടയ്ക്കും 50 രൂപയും സുരേഖയ്ക്ക് 55 രൂപയുമാണ്. ക്യാരറ്റ്, ബീൻസ്, ചെറിയ ഉള്ളി എന്നിവയ്ക്ക് ഇരട്ടി വിലയായപ്പോൾ ഇഞ്ചിക്ക് മൂന്നിരട്ടി കടന്നു. കാരറ്റിന് 100 രൂപയാണ് വില. ബീന്‍സിന് 80 മുതല്‍ 90 രൂപ വരെയും ചെറിയ ഉള്ളിക്ക് 70 മുതല്‍ 80 രൂപ വരെയുമെത്തി. 70 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 180 രൂപ മുതലാണ് വിപണിയിലെ വില. രണ്ടാഴ്ചയ്‌ക്കിടെ 50 രൂപയിലധികമാണ് വെളുത്തുള്ളിക്ക് കൂടിയത്. വെളുത്തുള്ളിക്ക് 200നുമുകളിലാണ് ചില്ലറവിൽപ്പനവില.
മാങ്ങ–100, ബീറ്റ്‌റൂട്ട്–90, കാബേജ്– 40 എന്നിവയ്ക്കും തീവിലയാണ്. ചില്ലറവിൽപ്പനശാലകളിൽ വില 10 മുതൽ 20 രൂപവരെ വീണ്ടും ഉയരും. ബീറ്റ്‌റൂട്ട്–60, കാബേജ്–30–35 എന്നിങ്ങനെയായിരുന്നു പഴയവില. 40 രൂപയിൽ താഴെയായിരുന്ന നാടൻ ഏത്തക്കായയ്ക്കും വില 60 കടന്നു. പയറിന് 70 രൂപയും മുരിങ്ങാക്കായ്ക്ക് 70 മുതൽ 80 രൂപവരെയും കോളിഫ്ലവറിന് 35 മുതൽ 50 വരെയും നൽകണം. ഓണമാകാറായിട്ടും കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ച് കുറഞ്ഞവിലയ്ക്ക് വിൽപ്പന നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ തയ്യാറാകുന്നില്ല. തമിഴ്‌നാട്, കർണാടകം തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പച്ചക്കറികളുടെ വരവിലുണ്ടായ കുറവും ഉൽപ്പാദന മേഖലകളിലെ കാലാവസ്ഥാ വ്യതിയാനവും പെട്ടെന്നുള്ള വിലവർധനയ്‌ക്ക് കാരണമായി കച്ചവടക്കാർ പറയുന്നു.










0 comments