print edition മുല്ലപ്പെരിയാറിൽ 3 അടി വെള്ളം ഉയർന്നു; ശക്തമായ നീരൊഴുക്ക്

കുമളി : അണക്കെട്ടിലേക്കുള്ള ശക്തമായ നീരൊഴുക്കിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ജലനിരപ്പിൽ മൂന്നടിയുടെ വർധന. ശനി രാവിലെ ആറിന് 113.70 അടിയായിരുന്ന ജലനിരപ്പ്. ഞായർ രാവിലെ ആറിന് 116.70 അടിയെത്തി. മുൻവർഷം ഇതേ ദിവസം അണക്കെട്ടിൽ 134.60 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുൻവർഷത്തേക്കാൾ 17.90 അടി വെള്ളം കുറവാണ്.
ശക്തമായ മഴ മാറിയെങ്കിലും കനത്തതോതിലുള്ള നീരൊഴുക്ക് തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 6100 ഘനയടിവീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 38 ഘനയടി വീതം കൊണ്ടുപോയി.
തേക്കടി കനാലിന് സമീപത്തെ തടയണയുടെ സംരക്ഷണഭിത്തി തകർന്നതിനാൽ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഞായർ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 37 മില്ലിമീറ്ററും തേക്കടിയിൽ 24.6 മില്ലിമീറ്ററും കുമളിയിൽ 28 മില്ലിമീറ്ററും മഴപെയ്തു.
മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഞായർ രാവിലെ ആറിന് 33.86 അടിയാണ്. 24 മണിക്കൂറിനുള്ളിൽ വൈഗയിലേക്ക് സെക്കൻഡിൽ 148 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ 86 ഘനയടി വെള്ളം തുറന്നുവിട്ടു.









0 comments