print edition വീടും സ്ഥലവും കടലെടുത്തു: ‘നോ കമന്റ്‌സ്’ എന്ന് മുഖ്യമന്ത്രി

പൊന്നാനി : തിരയെടുത്ത കടലോര ജീവിതത്തിനുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ജനതയോട് മുഖംതിരിച്ച് മുഖ്യമന്ത്രി. പൊന്നാനിയിൽ കടലാക്രമണം രൂക്ഷമാണെന്നും നിരവധി വീടുകൾ കടലെടുത്തെന്നും മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ‘നോ കമന്റ്‌സ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ പി നൗഷാദലി എംഎൽഎക്കൊപ്പം മുഖ്യമന്ത്രി പൊന്നാനിയിലെത്തുമ്പോൾ കടൽക്കലിയിൽ വിറങ്ങലിച്ചുനിൽക്കുകയായിരുന്നു തീരം. അഞ്ച് വീടുകളാണ് പൂർണമായും കടലെടുത്തത്.
മുഖ്യമന്ത്രി വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുമ്പോൾ കടലെടുത്ത വീട്ടിൽനിന്ന് കിട്ടിയതെല്ലാം കൈയിലെടുത്ത് വാടകവീട്ടിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറാനുള്ള നെട്ടോട്ടത്തിലായിരുന്നു കുടുംബങ്ങൾ. ഈ സമയത്താണ് പൊന്നാനിയുടെ സാഹചര്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി അവഗണിച്ചത്. ദുരന്തനിവാരണത്തിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥ സംവിധാനങ്ങളും മുഖ്യമന്ത്രിക്കുള്ള അകമ്പടി സേവനത്തിലായിരുന്നു എന്നും വ്യാപക വിമർശമുണ്ട്.
ദുരന്തമുഖത്ത് എത്താനോ താമസ സൗകര്യം ഒരുക്കാനോ തയ്യാറാവാതെ മുഖ്യമന്ത്രിയുടെ സുരക്ഷക്ക് കാവലൊരുക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഡോഗ് സ്ക്വാഡും പൊലീസും ഫയർഫോഴ്‌സും ആംബുലൻസും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ യൂത്ത് ലീഗ് നേതാവിന്റെ വീടിനുമുന്നിൽ തമ്പടിച്ചതോടെയാണ് മുഖ്യമന്ത്രി എത്തുന്നുണ്ടന്ന് പ്രവർത്തകർ അറിഞ്ഞത്. സംസ്ഥാന സർക്കാരിനുകീഴിലെ ആദ്യ കപ്പൽ നിർമാണശാല പൊന്നാനിയിൽ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചില്ല.










0 comments