ad
Deshabhimani

പുരസ്‌കാരത്തുക ഒരുലക്ഷം രൂപ കനിവിന്‌

print edition വരദാനമായി സാനു സമ്മാനം; സ്വീകരിച്ചു, സ്‌നേഹാദരങ്ങളോടെ

M Leelavathi

പ്രൊഫ. എം കെ സാനു സാംസ്കാരികകേന്ദ്രത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ‘സാനു സമ്മാനം 2026' പ്രതിപക്ഷനേതാവ് 
പിണറായി വിജയൻ ഡോ എം ലീലാവതിക്കുസമ്മാനിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 01:31 AM | 1 min read

കൊച്ചി : പ്രതിപക്ഷനേതാവ്‌ പിണറായി വിജയന്റെ കൈകൾ ചേർത്തുപിടിച്ച്‌ ഡോ. എം ലീലാവതി പറഞ്ഞു, ‘‘സമ്മിശ്ര വികാരത്തോടെയാണ്‌ ഞാൻ പ്രൊഫ. എം കെ സാനുവിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നത്‌. എന്റെ സഹപ്രവർത്തകനായിരുന്നു സാനു. സഹപ്രവർത്തകന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അഭാവത്തിൽ ഏറ്റുവാങ്ങുന്നത്‌ എന്നെ ദുഃഖിതയാക്കുന്നു. എന്നാൽ, മഹാനായ സാഹിത്യകാരന്റെ വരദാനം എന്നനിലയ്‌ക്ക്‌ ഇ‍ൗ പുരസ്‌കാരം സ്വീകരിക്കുന്നതിൽ സന്തോഷവുമുണ്ട്‌’’–മലയാളത്തിന്റെ എഴുത്തമ്മയുടെ വാക്കുകളിൽ സാനുവിനോടുള്ള സ്‌നേഹാദരങ്ങൾ.


എം ലീലാവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ടീച്ചറുടെ വസതിയിൽ എത്തിയാണ്‌ ‘സാനു സമ്മാനം’ സമർപ്പിച്ചത്‌. ഏറെ സ്‌നേഹത്തോടെ പിണറായിയെയും ഒപ്പമുള്ളവരെയും അവർ സ്വീകരിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം എം കെ സാനുവിനെക്കുറിച്ച്‌ സംസാരിച്ചു. ദീർഘകാലം സഹപ്രവർത്തകനായിരുന്നു സാനുവെന്നും സ‍ൗഹൃദത്തിന്‌ ഇടർച്ചവരാതെ 18 കൊല്ലം ഒരുമിച്ച്‌ ജോലിചെയ്‌തുവെന്നും ലീലാവതി പറഞ്ഞു. അദ്ദേഹം മഹാനായ സാഹിത്യചിന്തകനായിരുന്നു. ‘സന്ധ്യ’ എന്നാണ്‌ സ്വന്തംവീടിന്‌ പേരിട്ടത്‌. സാമാന്യ ചിന്തകർ അങ്ങനെ പേരിടില്ല. ജീവിതസന്ധ്യയെ എപ്പോഴും ഓർമിക്കാനും അതിനെ ധീരമായി നേരിടാനും തയ്യാറായിരുന്നു സാനു. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ജീവിതസന്ധ്യയിൽ സാനുവിനോടുള്ള പ്രണാമത്തോടെ, ആരാധനാഭാവത്തോടെ, കൃതജ്ഞതയോടെ സ്വീകരിക്കുന്നു. മഹാനായ മുൻ മുഖ്യമന്ത്രി പിണറായിയിൽനിന്ന്‌ സ്വീകരിക്കാൻ കഴിഞ്ഞത്‌ ഭാഗ്യമാണെന്നും ലീലാവതി പറഞ്ഞു. പുരസ്‌കാരത്തുകയായ ഒരുലക്ഷം രൂപ കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്‌ നൽകുന്നതായും ലീലാവതി അറിയിച്ചു. കുടുംബാംഗങ്ങളെയും സഹായികളെയും പിണറായിക്ക്‌ അവർ പരിചയപ്പെടുത്തി. സഹായികളായ മിനിക്കും ഉഷയ്‌ക്കും ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടെന്ന്‌ അറിയിച്ചതിനെത്തുടർന്ന്‌ പിണറായി എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്‌തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home