ad
Deshabhimani

ക്യാമ്പുകളിൽ മരുന്നില്ല

print edition അലംഭാവം കാരണം ‘രോഗപ്പെയ്‌ത്തും’

Lepro
avatar
സ്വന്തം ലേഖിക

Published on Aug 03, 2026, 01:31 AM | 1 min read


തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഴക്കെടുതിക്കു പിന്നാലെ എലിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികളും പടരുന്നതിൽ ആശങ്ക. ശനിയാഴ്‌ചമാത്രം 21 പേർക്കാണ്‌ എലിപ്പനി സ്ഥിരീകരിച്ചത്‌. പത്തനംതിട്ടയും കോഴിക്കോടും വയനാടും ഓരോ മരണം വീതവും റിപ്പോർട്ട്‌ ചെയ്തു. സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകളിലുൾപ്പെടെ പ്രതിരോധ മുന്നൊരുക്കങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയുണ്ടായി. ക്യാമ്പുകളിൽ മരുന്നുകളെത്തിക്കുന്നതിലും കൃത്യമായി വിതരണം ചെയ്യുന്നതിലും പരാജയപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുള്ള മുൻകൂട്ടിയുള്ള ഏകോപനം ഇല്ലാതിരുന്നതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. മഴ വ്യാപകമായി നാശനഷ്ടങ്ങൾ വിതച്ചതിനു ശേഷമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരുടെ അവലോകനയോഗംപോലും ചേർന്നത്.

പ്രളയസമാനമായ സാഹചര്യത്തിൽ മലിനമായ വെള്ളക്കെട്ടിൽ ദീർഘനേരം കഴിയേണ്ടിവന്ന ദുരിതബാധിതർക്ക് എലിപ്പനി മുൻകരുതൽ മരുന്നായ ഡോക്സിസൈക്ലിൻപോലും കൃത്യസമയത്ത്‌ വിതരണംചെയ്യാൻ ആരോഗ്യവകുപ്പിന് സാധിച്ചില്ല. സംസ്ഥാനത്ത് ഒരുമാസത്തിൽ 49ലേറെ എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്‌ ഗുരുതരവീഴ്‌ച. ശുചീകരണ തൊഴിലാളികൾക്കും ക്യാമ്പുകളിലുള്ളവർക്കും അടിയന്തരമായി നൽകേണ്ട പ്രതിരോധ മരുന്നുകളുടെ ലഭ്യതക്കുറവ് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പത്തനംതിട്ട, ആറന്മുള ഉൾപ്പെടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മെഡിക്കൽ പരിശോധനകൾ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്‌. രക്തസമ്മർദത്തിനുള്ള ഗുളിക പലതവണ ആവശ്യപ്പെട്ടിട്ടും സമയത്ത്‌ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും പരാതിയുയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home