ad
Deshabhimani

വിജ്ഞാന കേരളം അനിശ്ചിതത്വത്തിൽ

അങ്ങനെയങ്ങ്‌ 
ജോലി നേടേണ്ടെന്ന്‌ യുഡിഎഫ്‌

udf
വെബ് ഡെസ്ക്

Published on Jul 24, 2026, 02:50 AM | 1 min read

കൊച്ചി


തൊഴിൽ തേടുന്ന യുവതീയുവാക്കൾക്കും വീട്ടമ്മമാർക്കും ഉൾപ്പെടെ ജോലി ലഭ്യമാക്കാൻ നടപ്പാക്കിയ വിജ്ഞാന കേരളം പദ്ധതിയോട്‌ മുഖംതിരിച്ച്‌ യുഡിഎഫ്‌. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയതോടെ വിജ്ഞാന കേരളം അനിശ്ചിതത്വത്തിലായി. ജില്ലയിൽ തൊഴിൽ തേടുന്നവരെയും പദ്ധതിക്കുകീഴിലെ ജീവനക്കാരെയും കൈയൊഴിയുന്ന സമീപനമാണ്‌ സർക്കാരും യുഡിഎഫ്‌ നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കുന്നത്‌.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ വിജ്ഞാന കേരളം ആരംഭിച്ചത്‌. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ തൊഴിൽ ഉറപ്പാക്കാൻ ഇതുവഴി സാധിച്ചു. ഇതിനായി തദ്ദേശസ്ഥാപനങ്ങളുമായും കുടുംബശ്രീയുമായും സഹകരിച്ച്‌ വിവിധ മേഖലകളിലുള്ള കന്പനികളെ പങ്കെടുപ്പിച്ച്‌ തൊഴിൽമേളകൾ സംഘടിപ്പിച്ചു. ജില്ലയിൽ നിരവധി മേളകളാണ്‌ നടത്തിയത്‌. ഇതിലൂടെ 7500ന്‌ അടുത്ത്‌ തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞു. ഐടി, അക്ക‍ൗണ്ടന്റ്‌, ഹോസ്‌പിറ്റാലിറ്റി, സെയിൽസ്‌, ഹ‍ൗസ്‌ കീപ്പിങ്, ഓഫീസ്‌ സ്‌റ്റാഫ്‌ തുടങ്ങിയ വിവിധ മേഖലകളിലുള്ള തൊഴിലുകളാണ്‌ ഇതുവഴി ലഭിച്ചത്‌. ഇതിനുപുറമെ ജനപ്രതിനിധികളുമായി ചേർന്നും മേളകൾ നടത്തിയിരുന്നു. ഇതിലൂടെയും വെർച്വൽ മേളകളിലൂടെയും നിരവധി തൊഴിൽ ലഭ്യമാക്കിയിരുന്നു.


തൊഴിൽ അന്വേഷകരെ സഹായിക്കാനും അവർക്ക്‌ ജോലി ലഭ്യമാക്കുന്നതിനുമായി ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ജോബ്‌ സ്‌റ്റേഷനുകൾ തുടങ്ങിയിരുന്നു. ഇവിടെ ഇന്റേൺമാരെയും നിയമിച്ചു. പഞ്ചായത്തുകളിൽ കമ്യൂണിറ്റി അംബാസഡർമാരെയും നിയോഗിച്ചിരുന്നു. ജില്ലാതലത്തിൽ പദ്ധതിക്ക്‌ നേതൃത്വം വഹിച്ചിരുന്നത്‌ കോ–ഓർഡിനേറ്ററും പ്രോഗ്രാം മാനേജറുമായിരുന്നു. എന്നാൽ, യുഡിഎഫ്‌ അധികാരത്തിൽ എത്തിയതോടെ വിജ്ഞാന കേരളത്തെയും തഴഞ്ഞു. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനോ, നടത്തിപ്പിനെക്കുറിച്ചോ ഓണറേറിയത്തിന്‌ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട്‌ ചെലവഴിക്കുന്നതിനോ വ്യക്തമായ നിർദേശം ഇതുവരെ സർക്കാർ നൽകിയിട്ടില്ല.


നിലവിൽ ജില്ലാ കോ–ഓർഡിനേറ്റർ ഇല്ല. ഇന്റേൺമാർ, കമ്യൂണിറ്റി അംബാസഡർ എന്നിവരുടെ ഓണറേറിയം മുടങ്ങി. ഇവരിൽ പലരും ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയായി. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചുള്ള തൊഴിൽമേളകളും നടക്കുന്നില്ല. ജോബ്‌ സ്‌റ്റേഷനിലോ, വിജ്ഞാന കേരളത്തിൽ ശേഷിക്കുന്ന ജീവനക്കാരുമായോ ബന്ധപ്പെടുന്ന തൊഴിൽ അന്വേഷകരെ കന്പനികളുമായി ബന്ധപ്പെടുത്തുന്ന പ്രവർത്തനമാണ്‌ പേരിന്‌ നടക്കുന്നത്‌. ഇതിനുപുറമെ വെർച്വൽ മേളകളും. വിജ്ഞാന കേരളം മുൻകാലത്തേതുപോലെ ഫലപ്രദമായി തുടരണമെന്ന ആവശ്യം ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറായിട്ടില്ല. ഇതിൽ തൊഴിൽ അന്വേഷകരും ജീവനക്കാരും നിരാശയിലും ആശങ്കയിലുമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home