ad
Deshabhimani

ഇരട്ടകളുടെ സംഗമം: ഇരട്ടിമധുരമായ് ട്രിപ്പിളുകളും

twins meet

കൊച്ചിയിൽ ഓൾ കേരള ട്വിൻസ്‌ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന 
സംസ്ഥാനതല സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഇരട്ടകളിൽ ഒരാൾ 
ഉറങ്ങിപ്പോയപ്പോള്‍ ഫോട്ടോ: സുനോജ് നൈനാന്‍ മാത്യു

വെബ് ഡെസ്ക്

Published on Sep 01, 2025, 02:45 AM | 1 min read


കൊച്ചി

ഇരട്ടിമധുരം സമ്മാനിച്ച്‌ ഇരട്ടകളുടെ സംഗമം. പ്രാർഥന ചൊല്ലിയതും സ്വാഗതം പറഞ്ഞതും അന‍ൗൺസ്‌ ചെയ്‌തതും നൃത്തം ചെയ്തതുമെല്ലാം ഒരേരീതിയിൽ വസ്‌ത്രം ധരിച്ച ഇരട്ടകൾ. ഓൾ കേരള ട്വിൻസ്‌ കമ്യൂണിറ്റി(എകെടിസി)യുടെ നേതൃത്വത്തിൽ ഇരട്ടകളുടെ മൂന്നാമത്‌ സംസ്ഥാന സംഗമം എറണാകുളം ട‍ൗൺഹാളിൽ സംഘടിപ്പിച്ചു.


‘ട്രിപ്പിൾ’ എന്ന ടാഗിൽ ചില മൂവർ സംഘങ്ങളും എത്തി. പെരുമ്പാവൂർ സ്വദേശികളായ 78 വയസ്സുള്ള രാമനും കൃഷ്‌ണും ഏറ്റവും മുതിർന്ന ഇരട്ടകളായി. ചെറുപ്പത്തിൽ തമാശയ്ക്കായി ചില കുസൃതികൾ ഒപ്പിച്ചിരുന്നതായി അവർ സമ്മതിച്ചു. എന്നാൽ, തമാശകൾക്ക്‌ അധികം നീട്ടിക്കൊണ്ടുപോകാതെ സത്യം തുറന്നുപറയലായിരുന്നു ഇവരുടെ രീതി. വിദ്യാഭ്യാസവകുപ്പിൽനിന്ന്‌ റിട്ടയർ ചെയ്‌ത രാമന്റെ ഭാര്യ മണിയും തപാല്‍വകുപ്പില്‍നിന്ന്‌ റിട്ടയർ ചെയ്‌ത കൃഷ്‌ണന്റെ ഭാര്യ ശാന്തയും സംഗമത്തിന്‌ എത്തിയിരുന്നു. എസ്‌എസ്‌എൽസിവരെ ഒരേ രീതിയിലായിരുന്നു വസ്‌ത്രധാരണം. മൂന്നു മിനിറ്റിന്‌ മൂത്തത്‌ കൃഷ്‌ണനാണ്‌. വിവാഹം ആലോചിച്ചപ്പോൾ ഇരട്ടകളെ കിട്ടിയില്ല എന്നും അവർ പറഞ്ഞു.


twins


രണ്ടു വയസ്സുകാരായ അദ്വൈകും അന്വൈകുമാണ്‌ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകൾ. പാലക്കാട്‌ സ്വദേശികളായ സുമന്റെയും സുസ്‌മിതിയുടെയും മക്കളാണ്‌ ഇവർ. അസുഖം വരുന്നതും സങ്കടവും സന്തോഷവും വരുന്നതും ഒരുമിച്ചാണെങ്കിലും രണ്ടുപേരും തമ്മിൽ നല്ല വഴക്കും ഉണ്ടാകാറുണ്ടെന്ന്‌ അമ്മ സുസ്‌മിത പറഞ്ഞു. ഇരട്ടകളാണ്‌ ഗർഭത്തിൽ ഉള്ളതെന്ന്‌ അറിഞ്ഞപ്പോൾ ആദ്യം ആശങ്കയും പിന്നീട്‌ ക‍ൗതുകവുമാണ്‌ തോന്നിയതെന്നും സുസ്‌മിത പറഞ്ഞു. സംഗമം ഹൈബി ഇ‍ൗഡൻ എംപി ഉദ്‌ഘാടനം ചെയ്‌തു. സിനിമാ നിർമാതാവ്‌ എൻ എം ബാദുഷ മുഖ്യാതിഥിയായി. വി വി അജിത്ത്‌ അധ്യക്ഷനായി. വിശ്വാസ്‌ വാവേലി, പി ആർ രാകേഷ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home