സ്വകാര്യവൽക്കരണ നീക്കമെന്ന് ആക്ഷേപം
കൊച്ചി നഗരസഭയുടെ ആദ്യ ടർഫ് പൂട്ടിയിട്ട് ഒരുമാസം

അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചുപൂട്ടിയ കരുവേലിപ്പടിയിലെ ടര്‍ഫ്
സ്വന്തം ലേഖിക
Published on Aug 13, 2026, 02:02 AM | 1 min read
മട്ടാഞ്ചേരി
ലഹരിയിലേക്ക് വഴിതെറ്റിപ്പോകുന്ന യുവതലമുറയെ കായികവിനോദത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഭരണസമിതി സ്ഥാപിച്ച കൊച്ചി നഗരസഭയുടെ ആദ്യ ടര്‍ഫ്, അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടിയിട്ട് ഒരുമാസം പിന്നിടുന്നു. കരുവേലിപ്പടി ഡിവിഷനിലെ ടിപ്പ് ടോപ്പ് അസീസ് സ്മാരക ടര്‍ഫാണ് പൂട്ടിയത്. ഉടന്‍ തുറന്നുനല്‍കുമെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഒരുമാസത്തിനിടെ അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ല.
യുവാക്കള്‍ക്ക് കളിക്കാന്‍ പൊതുയിടങ്ങള്‍ കുറവായ കൊച്ചിയില്‍ കുറഞ്ഞ ചെലവില്‍ കളിക്കാന്‍ സഹായകരമായിരുന്ന ടര്‍ഫാണ് അടച്ചുപൂട്ടിയത്. ഒരുകോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ടര്‍ഫിന്റെ പരിപാലന ചുമതല സി ഹെഡിനായിരുന്നു. 2024 ആഗസ്‌ത് 17നാണ് സി ഹെഡ് ടര്‍ഫിന്റെ ചുമതല ഏറ്റെടുത്തത്. പരിപാലനത്തിനായി രണ്ടുജോലിക്കാരെയും നിയോഗിച്ചിരുന്നു.
പുതിയ കൗണ്‍സില്‍ നിലവില്‍വന്നതിന് പിന്നാലെ പരിപാലനത്തില്‍നിന്ന് പിന്മാറുകയാണെന്നുകാണിച്ച് 2026 ജനുവരി 13ന് സി ഹെഡ് നഗരസഭയ്ക്ക് കത്ത് നല്‍കി. പരിപാലനത്തിനും ഫീസ് ഈടാക്കുന്നതിനും പരിമിതികള്‍ നേരിടുന്നതായും നഗരസഭ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യം എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ടര്‍ഫ് സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എത്രയുംവേഗം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ടര്‍ഫ് തുറന്ന് നല്‍കണമെന്നും മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് വാര്‍ഡ് കമ്മിറ്റി നിശ്ചയിക്കുന്ന വികസനസമിതിയെ പരിപാലനചുമതല ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവവെളിച്ചം സാമൂഹ്യ സാംസ്കാരികവേദി തദ്ദേശമന്ത്രി കെ എം ഷാജി, മേയര്‍ വി കെ മിനിമോള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.










0 comments