നാടിനെ അറിഞ്ഞ്

കൊച്ചി രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം, നൂറിന്റെ നിറവിലായ മൃണാളിനി തമ്പുരാൻ തൃപ്പൂണിത്തുറ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണിക്കൃഷ്ണനെ അനുഗ്രഹിക്കുന്നു
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ സമസ്‌തമേഖലകളുടെയും സ്‌പന്ദനം തൊട്ടറിഞ്ഞാണ് എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണിക്കൃഷ്‌ണന്റെ പര്യടനം. യുഡിഎഫിന് വോട്ട് അഭ്യർഥിച്ച് പോകാൻ പോലുമാകാത്തവിധം രൂക്ഷമാണ് പള്ളുരുത്തി, ഇടക്കൊച്ചി പ്രദേശത്തെ കുടിവെള്ളക്ഷാമം. പ്രദേശവാസികൾ ഒന്നടങ്കം പരാതിപ്പെട്ടപ്പോൾത്തന്നെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം തേടി മുഖ്യമന്ത്രിക്ക് ഉണ്ണിക്കൃഷ്‌ണൻ നിവേദനം നൽകി.
പ്രശ്‌നപരിഹാരത്തിനുള്ള ദീർഘകാല പദ്ധതികൾ തനിക്ക് അവസരം ലഭിച്ചാൽ നടപ്പാക്കുമെന്നും ഉറപ്പുനൽകി. ബുധനാഴ്‌ചത്തെ പര്യടനത്തിൽ കണ്ടനാട് മാർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിലെത്തുന്പോൾ കാതോലിക്കാ ബാവാ ബസേലിയോസ് മാർത്തോമ മാത്യൂസ് മൂന്നാമന്റെ വരവ് പ്രതീക്ഷിച്ച് വിശ്വാസികൾ കാത്തുനിൽക്കുന്നു. അവരോടൊപ്പം പ്രാർഥനയിലും പ്രദക്ഷിണത്തിലും പങ്കെടുത്തു.
കാതോലിക്കാ ബാവായുമായി നടന്ന കൂടിക്കാഴ്ചയിൽ സ്ഥാനാർഥിക്ക് ബാവാ വിജയാശംസകൾ നേർന്നു. പ്രഭാത് പബ്ലിക് സ്കൂളിലെത്തി അധ്യാപകരോടും ജീവനക്കാരോടും വോട്ടുതേടി. നൂറിന്റെ നിറവിലായ കൊച്ചി രാജകുടുംബത്തിലെ വല്യമ്മ തമ്പുരാൻ മൃണാളിനി തമ്പുരാനെ തൃപ്പൂണിത്തുറ ചന്ദ്രവിലാസം പാലസിൽ സ്ഥാനാർഥി സന്ദർശിച്ചു.
തെക്കൻ പറവൂർ, എരൂർ സൗത്ത്, എരൂർ സെൻട്രൽ, തൃപ്പൂണിത്തുറ വെസ്റ്റ്, മരട് അയിനി ക്ഷേത്രപരിസരം എന്നിവിടങ്ങളിലെ എൽഡിഎഫ് കൺവൻഷനുകളിൽ പങ്കെടുത്തു. സ്ത്രീകളുൾപ്പെടെ വൻജനാവലി കൺവൻഷൻ കേന്ദ്രങ്ങളിൽ ഉണ്ണിക്കൃഷ്‌ണനെ ആവേശപൂർവം വരവേറ്റു.
തൃപ്പൂണിത്തുറയുടെ വികസനപ്രതിസന്ധിക്കും ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ തനിക്കാവുമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തൃപ്പൂണിത്തുറ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഹാളിൽ ഓൾ കേരള മൊബൈൽ ടവർ വർക്കേഴ്സിന്റെ യോഗത്തിലും കെ എൻ ഉണ്ണിക്കൃഷ്ണൻ പങ്കെടുത്തു.










0 comments