അപകടഭീഷണിയായി തണൽമരങ്ങൾ

പറവൂർ
കുഞ്ഞിത്തൈ പിഡബ്ല്യുഡി റോഡിൽ കരയാമട്ടം പാലത്തിനുമുകളിലും സമീപത്തുമായി നിൽക്കുന്ന തണൽമരങ്ങൾ അപകടഭീഷണിയാകുന്നു. മഴ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇക്കാര്യം നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വെട്ടിമാറ്റാനുള്ള നടപടിയില്ല.
മരങ്ങളുടെ ചില്ലകൾ ഉണങ്ങിയും ദ്രവിച്ചും ഏതുസമയത്തും വീഴാവുന്നസ്ഥിതിയാണ്. ഇതിൽ ഒരുമരത്തിന്റെ വലിയ ചില്ല കഴിഞ്ഞദിവസം ഒടിഞ്ഞുവീണു. ഈ സമയം റോഡിൽക്കൂടി സൈക്കിളിൽ വന്നയാൾ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഈ മരത്തിന്റെ ബാക്കിഭാഗം ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്നനിലയിലാണ്. മറ്റൊരു ആൽമരം പാലത്തിനുമുകളിൽ വേരുകൾ ചുറ്റുവരിഞ്ഞ് നിൽക്കുകയാണ്. 50 വർഷത്തിലേറെ പഴക്കമുള്ള പാലം ശോച്യാവസ്ഥയിലാണ്.
പാലം പൊളിച്ചുപണിയുന്നതിനായി മണ്ണുപരിശോധന നടത്തിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല. പാലം അപകടത്തിലായാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിക്കും. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ പോകുന്ന റോഡരികിൽനിന്ന് അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അധികൃതർ കനിഞ്ഞില്ലെങ്കിൽ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.









0 comments